തിരുവനന്തപുരം : അരുണാലൽ പ്രദേശിൽ മരിച്ച മലയാളികൾ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന നിഗമനത്തിൽ പൊലീസ് പറയുന്നത്. നവീനും ഭാര്യ ദേവിയും ആര്യയും അന്യഗ്രഹ ജീവിയുമായി നിരന്തരം ആശയ വിനിമയം ചെയ്തതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. എന്നാൽ ഈ ചാറ്റിന് പിന്നിൽ മറഞ്ഞിരിക്കുന്ന കൊലയാളിയെയാണ് പൊലീസ് തിരയുന്നത്.
മിതി എന്ന് വിളിക്കുന്ന അന്യഗ്രഹ ജീവിയുമായി അവിശ്വസനീയമായ ചാറ്റുകളാണ് ഇവർ നടത്തിയത്. അന്യഗ്രഹ ജീവിതം, ഭൂമിയുടെ പരിണാമം, അന്യഗ്രഹ യാത്ര എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇവർ മിതിയുമായി ആശയ വിനിമയം നടത്തിയിരിക്കുന്നത്. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാന് കഴിയുമെന്നും ചാറ്റുകളിൽ പറയുന്നുണ്ട്. കൂടാതെ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചെന്നത് തെറ്റാണെന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയായിരുന്നെന്നുമുള്ള തികച്ചും വസ്തുതാപരമല്ലാത്ത വിഷയങ്ങളാണ് ഇവർക്കിടയിൽ സംസാരിച്ചിട്ടുള്ളത്.
വിദ്യാസമ്പന്നരും അദ്ധ്യാപകരുമായ മൂവർ സംഘം ഇത്തരം വിഷയങ്ങളിൽ അൽപ്പം പോലും സംശയം പ്രകടിപ്പിച്ചില്ലെന്നതും ഞെട്ടിയ്ക്കുകയാണ്. മിതി എന്ന പേരിൽ ഇവരുമായി ആശയ വിനിമയം നടത്തിയ വ്യക്തിയെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. ദേവിയെയും ആര്യയെയും വിശ്വസിപ്പിക്കാൻ നവീൻ തന്നെ തുടങ്ങിയ വ്യാജ ഐഡിയാണോ ഇതെന്നും സംശയമുണ്ട്. അരുണാചലിൽ പോയി മരിച്ചാൽ അന്യഗ്രഹത്തിലേക്ക് പോകാമെന്നാണ് ഇവർ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
അന്യഗ്രഹത്തിലേക്കു യാത്ര ചെയ്യാനുള്ള സ്പേസ് ഷിപ്പുകളുടെ വിവിധ ചിത്രങ്ങളും മൂന്നുപേരുടെയും ലാപ്ടോപ്പുകളിലുണ്ട്. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും നവീൻ്റെ പദ്ധതികളായിരുന്നോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. നവീനും ദേവിയും സുഹൃത്ത് ആര്യയും വിശ്വസിച്ച രീതിയിൽ മരണാനന്തര ജീവിതത്തിൽ ആകൃഷ്ടരായവരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇവർ മൂന്നുപേരുടെയും പ്രേരണയിൽ മറ്റാരെങ്കിലും ഇത്തരം ചിന്തയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് നിർദേശം. നവീനും ദേവിയും ആര്യയും തങ്ങൾ പിന്തുടർന്ന രീതികൾ അടുപ്പമുള്ള ആരോടും പങ്കുവച്ചിട്ടില്ല. സ്കൂളിലെ ചില സഹപ്രവർത്തകർ ഇപ്പോൾ പൊലീസിനെ സംശയങ്ങൾ അറിയിക്കുന്നുണ്ട്. നവീനിന്റെ നീക്കങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
നേരത്തേ ഗുവാഹത്തിയിലും ഇറ്റാനഗറിലുമെത്തിയെങ്കിലും അവിടെ ഇറങ്ങിയയുടനെ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. അവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്തുവെന്നോ ആരെ കണ്ടുവെന്നോ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പൊലീസിനു കണ്ടെത്താനായില്ല. 28ന് ഗുവാഹത്തിയിൽ ചെന്നപ്പോഴും മൂന്നുപേരും മൊബൈലുകൾ ഓഫ് ചെയ്തു. ഒരിടത്തുപോലും ഗൂഗിൾപേ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പണം കൈമാറിയില്ല. താമസിച്ച ഹോട്ടലിലും പണമാണു നൽകിയത്. ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി പണം നേരിട്ടു നൽകിയാണ് കഴക്കൂട്ടത്തുള്ള ട്രാവൽ ഏജൻസിയിൽ നിന്നു മൂന്ന് പേർക്ക് ഗുവാഹത്തിക്കുള്ള വിമാനടിക്കറ്റും എടുത്തത്. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയില്ല. ഇതിനിടെ ആയുധവും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു.