പേരിൽ സോറൻ എന്നുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കുടുംബ ബന്ധങ്ങൾ ഒന്നുമില്ലാത്തയാളാണ് നിയുക്ത ജാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ. ജാർഖണ്ഡ് രൂപംകൊള്ളും മുൻപേ ബിഹാർ നിയമസഭയിൽ അംഗമായിരുന്ന ചംപായ് സോറൻ അനുഭവപരിചയമുള്ള ജെ.എം,എം നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഹേമന്തിന്റെ പിതാവും ജെ.എം.എം നേതാവുമായ ഷിബു സോറന്റെ കാലം മുതൽ പാർട്ടിയുടെ വിശ്വസ്തനാണ് ചംപായ് .
ഹേമന്ത് സോറന്റെ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കിയാൽ പാർട്ടി പിളരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായാണ് ചംപായ് സോറന് നറുക്ക് വീഴുന്നത്.ഹേമന്ത് സോറന് മന്ത്രിസഭയില്‍ ഗതാഗത, പട്ടികവര്‍ഗ്ഗ, പട്ടികജാതി പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായിരുന്നു ചംപായി സോറന്. 2010 സെപ്റ്റംബർ മുതൽ 2013 ജനുവരി വരെ സയൻസ് ആൻഡ് ടെക്നോളജി, ലേബർ, ഹൗസിംഗ്, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഗതാഗത മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1991 മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി സറൈകെല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം.
2000-ൽ ബീഹാറിൻ്റെ തെക്കൻ ഭാഗത്ത് നിന്ന് ജാർഖണ്ഡ് വിഭജിക്കപ്പെടുന്നതിന് മുമ്പ്, 1995 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബീഹാർ നിയമസഭയിലേക്കും സറൈകെല മണ്ഡലത്തില്‍ നിന്നും ചംപൈ സോറന് വിജയിച്ചിരുന്നു. 1956 നവംബറിലാണ് ജനനം . സരൈകേല ഖര്സാവ ജില്ലയിലെ ജിലിന്‍ഗോഡ ഗ്രാമത്തിലെ താമസക്കാരനാണ് ചംപായി സോറന്. അച്ഛന് ദരിദ്ര കര്‍ഷകനായിരുന്നു. പത്താം ക്ലാസ് വരെ ചമ്പൈയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ചംപായി സ്കൂള്‍ കാലത്തു തന്നെ വിവാഹിതനായിരുന്നു. നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമുള്ള ചംപായ് ‘ജാര്‍ഖണ്ഡ് കടുവ’ എന്നും അറിയപ്പെടുന്നു.