പിവി അന്‍വറിനൊപ്പം ആര്? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും, സര്‍വ്വശക്തനായ എഡിജിപി എംആര്‍ അജിത്ത്കുമാറിനുമെതിരെ നിലമ്പൂര്‍ എംല്‍എ വെടിപൊട്ടിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട പ്രധാനചോദ്യമിതായിരുന്നു. സിപിഎമ്മില്‍ ആരാണ് അന്‍വറിന് പിന്തുണ നല്‍കുന്നത്? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും സംസ്ഥാന പൊലീസിലെ അദ്ദേഹത്തിന്റെ വിശ്വസ്തനുമെതിരെ ഒരു ഭരണകക്ഷി എംഎല്‍എ അതും പി വി അന്‍വറിനെപ്പോലെ വിപുലമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങളുള്ളയാള്‍ തിരിയണമെങ്കില്‍ അതിന് പിന്നില്‍ അതിശക്തമായ ഒരു കേന്ദ്രമുണ്ടാകുമെന്ന് തന്നെയാണ് സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പോലും കരുതുന്നത്. പിണറായിക്കെതിരെ സിപിഎമ്മില്‍ രൂപം കൊള്ളുന്ന പുതിയ ശാക്തികചേരിയുടെ പിന്തുണ പിവി അന്വറിനുണ്ടോ ? അതോ അജിത്ത് കുമാറിനെയും പിശശിയെയും ഒതുക്കാന്‍ പിണറായി തന്നെ അന്‍വറിനെ രംഗത്തിറക്കിയതാണോ? ഇതാണ് ഇപ്പോഴത്തെ മില്യണ്‍ ഡോളര്‍ ചോദ്യം?
പി ശശിക്കും, എഡിജിപി എം ആര് അജിത്ത്കുമാറിനും എതിരെ പി വി അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ചെന്ന് തറക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെ അടുത്തയാളായിരുന്ന പിവി അന്‍വര്‍ അദ്ദേഹത്തെ വെട്ടിലാക്കുന്ന രീതിയില്‍ കടുത്ത നീക്കങ്ങള്‍ നടത്തുന്നതിന് പി്ന്നില് പിണറായിയുമായുള്ള സ്വരച്ചേര്ച്ചയില്ലായ്മയാണോ അതോടെ സിപിഎമ്മില്‍ കാറ്റുമാറി വീശുന്നത് കൊണ്ട് അന്‍വര്‍ ഒരു മുഴം മുമ്പെ എറിയുന്നതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ് ഉയര്ന്നുവരന്നത്. പി ശശിക്കെതിരായും എംആര്അജിത്ത്കുമാറിനെതിരായും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ കണ്ടില്ലന്ന് നടിക്കാന്‍ മുഖ്യമന്ത്രിക്കാകില്ല. എന്നാല്‍ ശശിയെയും അജിത്ത്കുമാറിനെയും പുഷ്പം പോലെ എടുത്തുകളയാനും മുഖ്യമന്ത്രിക്ക് കഴിയില്ല. സംഗതികള്‍ ഒന്നു തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത്ത്കുമാറിനെതിരായ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തെ ക്രമസമാധാനപാലനത്തിന്റെ ചുതമലയില്‍ നിന്നുമാറ്റും എന്നതല്ലാതെ മറ്റൊന്നുമുണ്ടാകില്ലന്നനാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
പിവി അന്‍വറിനെ സംബന്ധിച്ചിടത്തോളം മലപ്പുറത്ത് പൊലീസിനെ ഭരിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ലക്ഷ്യമാണ്.വിപുലമായ തന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന വളരെ പരിമിതമായ ഉദ്ദേശമേ അദ്ദേഹത്തിന് എക്കാലവുമുള്ളു. തന്റെ രാഷ്ട്രീയം പോലും അദ്ദേഹം അതിനായാണ് ഉപയോഗിക്കുന്നത്.മുഖ്യമന്ത്രിക്ക് അദ്ദേഹം കൊടുക്കുന്ന വലിയ പിന്തുണ പോലും തന്റെ അനന്തമായ കച്ചവട സാധ്യതകള്‍ മുന്‍നിര്‍ത്തിയാണെന്ന് സിപിഎം നേതാക്കള്‍ പോലും പറയുന്നു. ഏതായാലും ഇവര്‍ മൂവരെയും , എന്നുവച്ചാല്‍ പിവി അന്‍വറിനെയും പി ശശിയെയും എംആര്‍ അജിത്ത് കുമാറിനെയും പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ പിണറായി വിജയന് കഴിയില്ല. കാരണം ഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ഇവര്‍ മൂവരും അദ്ദേഹത്തിന്റെ വിശ്വസ്തരാണ്.
സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷ് എന്ത് കൊണ്ട് നിശബദമായിയെന്നതിലെ രഹസ്യം പിവി അന്‍വര്‍ തന്നെ പുറത്തുവിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊക്കെ എംആര്‍ അജിത്ത്കുമാറിന്റെ പങ്ക് എത്രയുണ്ടെന്നത് കേരളത്തിലെ പ്രമുഖരായ സിപിഎം നേതാക്കള്‍ക്കെല്ലാമറിയാം. അതുകൊണ്ട് തല്ക്കാലത്തേക്കൊന്നു മാറ്റി നിര്‍ത്തുക എന്ന തന്ത്രമാണ് അജിത്ത്കുമാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്ന്് കരുതുന്നവരുണ്ട്.
സിപിഎമ്മില്‍ എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഒരു നിശ്ബ്ദ വിപ്ളവും അരങ്ങേറുന്നുണ്ട്. എംഎ ബേബി അടക്കമുള്ള പിബി മെമ്പര്‍മാര്‍ പോലും എംവി ഗോവിന്ദനൊപ്പമാണ് നിലകൊള്ളുന്നത്. പിണറായി വിജയനുള്ള ഏക കണ്ഠമായ പാര്‍ട്ടി പിന്തുണ എന്നത് ഇനി ഉണ്ടാകാന്‍ സാധ്യയില്ലന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പതിയ പതിയെ കളം പിടിക്കാനുള്ള എംവി ഗോവിന്ദന്റെ ശ്രമത്തിനെ പിണറായി വിരുദ്ധരായ പഴയ പടക്കുതിരകള്‍ തോമസ് ഐസക്, ബേബി, കെകെ ഷൈലജ എന്നിവര്‍ ഉറച്ച പിന്തുണയാണ് നല്‍കുന്നത്. ഭരണത്തില്‍ നിന്നും പിണറായിയുടെ പിടിവിടുന്നതിന്റെ കാഴ്ചകളാണ് പിവി അന്‍വറിന്റെ ആരോപണങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് സിപിഎം നേതാക്കള്‍ തന്നെ കരുതുന്നു.
പാര്‍ട്ടി സെക്രട്ടറി എന്ന തന്റെ അധികാരം എംവിഗോവിന്ദന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സിപിഎമ്മില്‍ എന്തും സംഭവിക്കാമെന്നാണ് നേതാക്കളില്‍ പലരും കരുതുന്നത്. പിവി അന്‍വര്‍ ഒരു ചെറിയ മീനല്ല. സിപിഎമ്മുകാരനല്ലങ്കിലും മറ്റേത് സിപിഎം നേതാവിനെക്കാളും പിണറായിക്ക് മേല്‍ സ്വാധീനമുള്ളയാളാണ് . അതുകൊണ്ട് അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആഞ്ഞടിച്ചിട്ടും അന്‍വറിനൊപ്പം തന്നെയാണ് താനെന്ന സൂചനയാണ് അവസാന നിമിഷവും മുഖ്യമന്ത്രി നല്‍കുന്നത്.
ഏതായാലും പിവി അന്‍വറിനൊപ്പമാണ് പിണറായി വിജയനെന്ന് വ്യക്തമായ തെളിയിക്കുന്ന നീക്കമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പിവി അന്‍വര്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് വേണ്ടപ്പട്ടയാള് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണിവിടെ. എന്നാല്‍ വിവാദ നായകനായ എഡിജിപിയെയും, തന്റെ അരുമയായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും കൈവിടാതെയുള്ള നീക്കം കൂടിയായിരിക്കും മുഖ്യമന്ത്രി നടത്തുകയെന്നും വ്യക്തമായി കഴിഞ്ഞു