ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളാരാഷ്ട്രീയത്തില്‍ ആരും അത്രക്ക് ശ്രദ്ധിക്കാത്ത ഒരു മാറ്റം കൂടി നടക്കും. കേരളാ കോണ്‍ഗ്രസ് ജോസഫ് , മാണി വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രമേ അതിന് ശേഷം നിലനില്‍ക്കൂ. 2019 ല്‍ കോട്ടയത്ത് നിന്ന് ജയിച്ച തോമസ് ചാഴിക്കാടന് മാണി ഗ്രൂപ്പിന്റെയും, കേരളാ കോണ്‍ഗ്രസിന്റ സ്ഥാപക നേതാവ് കെഎം ജോര്‍ജ്ജിന്റെ മകനും മുന്‍ ഇടുക്കി എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് ജോസഫ് ഗ്രൂപ്പിന്റെയും സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ച ഈ തെരഞ്ഞെടുപ്പ് രണ്ടു കേരളാ കോണ്‍ഗ്രസുകളുടെയും ചരിത്രത്തില്‍ വിധി നിര്‍ണ്ണായകമായ ഒന്നാണ്.
ഇടതുമുന്നണിയില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം സിപിഎമ്മിനാണ്. ബാക്കിയുള്ള ഒന്നിനായി കേരളാ കോണ്‍ഗ്രസും സിപിഐയും തമ്മില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ ഒരു തവണ കൂടി രാജ്യസഭയിലയക്കണമെന്നാണ് പാര്‍ട്ടിയുടെ താല്പര്യം. എന്നാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ആ സീറ്റെന്ന കാര്യത്തില്‍ മാണി വിഭാഗം കടുംപിടുത്തം പിടിക്കുകയാണ്. ആ സീറ്റുകിട്ടിയില്ലങ്കില് ജോസ് കെ മാണി കയ്യും വീശി തെക്കുവടക്ക് നടക്കേണ്ടി വരുമെന്ന കാര്യത്തില്‍ ആ പാര്‍ട്ടിയിലെ ആര്‍ക്കും സംശയമില്ല.
കോട്ടയത്ത് നിന്നും മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നല്‍കാമെന്നാണ് സിപിഎം നേരത്തെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് മനസിലാക്കിയാണ് സിപിഐ കടുംപിടുത്തം തുടരുന്നത്. കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് ജയിച്ചാലും ഇല്ലെങ്കിലും രാജ്യസഭാ സീറ്റു തങ്ങള്‍ക്ക് തന്നെ വേണമെന്ന വാശിയിലാണ് സിപിഐ. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ തങ്ങള്‍ക്ക് തന്നെയാണ് സീറ്റിന് അവകാശമെന്നും സിപിഐ പറയുന്നു. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കാന്‍ ഇതുവരെ മാണി വിഭാഗം തയ്യാറായിട്ടില്ല.കോട്ടയത്തു മാണി വിഭാഗം തോറ്റാല്‍ പാര്‍ട്ടി ഇടതുമുന്നണി വിടണമെന്ന ആവശ്യം കൂടുതല്‍ ഉച്ചത്തില്‍ ഉയരും. അങ്ങിനെ സംഭവിച്ചാല്‍ പാര്‍ട്ടിയെ പിളര്‍ത്തിയാണെങ്കിലും ഒരു കഷ്ണത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തണമെന്ന് സിപിഎം തിരുമാനിച്ചിട്ടുമുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കളത്തുങ്കലും ഇടതുമുന്നണിയില്‍ തുടരുമെന്നും സിപിഎം അനുമാനിക്കുന്നു.
അതേ സമയം ഇനി മാണിവിഭാഗം സ്ഥാനാര്‍ത്ഥി കോട്ടയത്ത് നിന്നും ജയിച്ചെന്നിരിക്കട്ടെ, ഇടതുമുന്നണിയില്‍ അവര്‍ ശക്തരാവുകയും. സിപിഐയെ പിണക്കിക്കൊണ്ട് വേണമെങ്കില്‍ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാന്‍ സിപിഎം സന്നദ്ധമാവുകയും ചെയ്യും. ഇതോടെ സിപിഐയുടെ ശക്തി ഇടതുമുന്നണിയില്‍ കുറയുകയും ചെയ്യും. അതോടൊപ്പം തന്നെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫില്‍ അസ്തമിക്കുകയും അവരുടെ സീറ്റുകള്‍ കോണ്‍ഗ്രസ് കൈവശപ്പെടുത്തുകയും ചെയ്യും. മോന്‍സ് ജോസഫാകട്ടെ സ്വന്തമായി കേരളാ കോണ്‍ഗ്രസുണ്ടാക്കി അനൂപ് ജേക്കബിനെ പോലെ ഏകാംഗസൈന്യമായി യുഡിഎഫില്‍ തുടരേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും.
സിപിഐക്ക് രണ്ടാമത്തെ രാജ്യസഭാസീറ്റ് കൊടുക്കുന്നതിനോട് സിപിഎമ്മിന് വലിയ താല്പര്യമില്ലെന്ന് സിപിഐക്കാര്‍ക്ക് തന്നെ അറിയാം. സിപിഐയെക്കാള്‍ താല്പര്യം അവര്‍ക്ക് കേരളാ കോണ്‍ഗ്രസിനോടാണ്. കാരണം കത്തോലിക്കാ സഭയുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണി വിടുകയാണെങ്കില്‍ അത് സിപിഎമ്മിനുണ്ടാക്കിയേക്കാവുന്ന തലവേദന ചെറുതല്ല. 2026വരെയെങ്കിലും മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ നിര്‍ത്തണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം.
ഏതായാലും രണ്ടുകേരളാ കോണ്ഗ്രസുകളിലൊന്നിന്റെ ഒപ്പീസ് ചൊല്ലലായിരിക്കും ജൂണ്‍ നാലിന് നടക്കുകയെന്ന് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ പറയുന്നുണ്ട്. കെഎം മാണിയുടെ മരണവും പിജെ ജോസഫിന്റെ പ്രായാധിക്യവും കേരളാ കോണ്‍ഗ്രസുകളെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് പലതവണ ചുണ്ടിനും കപ്പിനും ഇടക്ക് വച്ച് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. അത്രക്ക് പ്രബലരായിരുന്നു ആ പാര്‍ട്ടിയുടെ നേതാക്കള്‍. ഇന്നതെല്ലാം പഴങ്കഥയായിരിക്കുന്നു. ഒരിക്കല്‍ കേരളാ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് ബദലായി ഉയര്‍ന്നുവന്ന പാര്‍ട്ടിയായിരുന്നു ആര്‍എസ്പി. ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് കേരളാ കോണ്‍ഗ്രസുകളെയും തുറിച്ച് നോക്കുന്നത്.