തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഞെട്ടിച്ച് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച്ച ഉച്ചയ്ക്ക് പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ആയിരുന്നു ജയരാജന്റെ ഇടപെടല്‍. താന്‍ സംസ്ഥാന നേതൃത്വത്തിന് രണ്ട് കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്മേല് ഇതുവരെ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ജയരാജന് പ്രതിനിധികള്‍ക്ക് മുമ്പാകെ പറഞ്ഞു. കത്തുകളില്‍ ഒന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെതിരെയായിരുന്നു. ഇ പി ജയരാജന് പാര്‍ട്ടി പദവി ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു കത്ത്.
തന്റെ കത്ത് ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല. അതിലൊന്ന് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കി നല്‍കിയതാണെന്നും ജയരാജന് പറഞ്ഞു. കണ്ണൂരില്‍ വെള്ളിക്കലുള്ള വൈദേഹം റിസോര്‍ട്ടില്‍ ഇപിയുടെ കുടംബത്തിനുള്ള നിക്ഷേപം അന്വേഷിക്കണമെന്നതടക്കമാണ് പി ജയരാജന് കത്തില്‍ ആവശ്യപ്പെട്ടത്. ഇതടക്കം രണ്ട് കത്തുകളിന്മേലുള്ള നിലപാട് പി ജയരാജന് ആരാഞ്ഞു.
എന്നാല്‍ പി ജയരാജന്റെ ആവശ്യത്തിന്മേല് മറുപടി നല്കാന് സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാറിനെയും കടുത്ത പ്രതിരോധത്തിലാക്കിയ നിരവധി വിവാദങ്ങളെ തുടര്‍ന്നാണ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ഇപി ജയരാജനെ സിപിഎം നേതൃത്വം പുതിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുന്നതിനിടെയായിരുന്നു പി ജയരാജന്റെ വിമര്‍ശനം.മുഖ്യമന്ത്രി പിണറായി വിജയന്, പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിവി രാഘവലു, അശോക് ധാവ്ലേ, ഇ പി ജയരാജന് എന്നിവരുടെ സന്നിധ്യത്തില്‍ ആയിരുന്നു പി ജയരാജന്റെ പ്രതികരണം. ഇപി ജയരാജനും നേതൃത്വവും ഇതിനോട് പ്രതികരിച്ചില്ല. എന്നാല്‍ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണ നടപടിയിലേക്ക് കടന്നപ്പോള്‍ പി ജയരാജന് അക്കാര്യത്തില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, നേതൃത്വം മുന്നോട്ട് വെച്ച പട്ടികയെ പിന്തുണക്കുകയും ചെയ്തു എന്നാണ് വിവരം.
ഇപി ജയരാജനെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നുവെങ്കിലും വിവാദങ്ങളില്ലാതെ മുന്നോട്ട് പോകാനായിരുന്നു നേതൃത്വം തീരുമാനിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സെക്രട്ടേറിയറ്റംഗങ്ങളുടെ വിലയിരുത്തല്‍ ഭാഗത്ത് ആദ്യ ഘട്ടത്തില്‍ ഇപി ജയരാജന് പാര്‍ട്ടിയില്‍ സജീവമല്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും സമ്മേളന കാലയളവില്‍ അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ഇത് തന്നെ ഇ പി ജയരാജനെ കൂടി ഉള്‍ക്കൊണ്ട് പോകണമെന്നതിന്റെ സൂചനയായാണ് കണക്കാക്കിയിരുന്നത്.
2023ലാണ് തെറ്റ് തിരുത്തല്‍ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന് ആരോപണം ഉന്നയിച്ചത്. വൈദേഹം ആയുര്‍വേദ റിസോര്‍ട്ട് ഇപി ജയരാജന്റെ കുടുംബത്തിന്റേതാണെന്നും താനിത് നേരത്തെ ചൂണ്ടിക്കാട്ടിയപ്പോള്‍ രേഖകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും പി ജയരാജന് പറഞ്ഞു. പാര്‍ട്ടി പദവിയും മറ്റ് ഔദ്യോഗിക പദവിയും റിസോര്‍ട്ടിന്റെ വിഷയത്തില്‍ ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഇ പി ജയരാജന് അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ആരോപണം എഴുതി തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന് സ്വീകരിച്ച നിലപാട്. തുടര്‍ന്ന് പി ജയരാജന് വിശദമായ പരാതി എഴുതി നല്‍കുകയും ചെയ്തു.