ഒരുപക്ഷെ ഇതാദ്യമായിട്ടാവും രാഹുല്‍ഗാന്ധി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ആരും തന്നെ പിണറായി അടക്കം ഒരു സിപിഎം നേതാവിനെയും പൊതുവെ രാഷ്ട്രീയമായി വിമര്‍ശിക്കാറില്ല. കാരണം ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന വിശാല സഖ്യത്തില്‍ സിപിഎം എക്കാലവും ഒരു പങ്കാളിയായിരിക്കുമെന്നത് കൊണ്ടാണത്.
പക്ഷെ ദേശീയതലത്തില്‍ സിപിഎമ്മിന് അനുദിനം പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ നിന്നുകിട്ടുന്ന സീറ്റുകളെ ആധാരമാക്കിയാണ് സിപിഎമ്മിന് ദേശീയപദവി നിലനിര്‍ത്താന്‍ കഴിയുമോ ഇല്ലയോ എന്ന ചോദ്യം പോലും ഉയര്‍ന്നുവരുന്നത്. ആ സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പ്രധാന
എതിരാളി കോണ്‍ഗ്രസ് തന്നെയാണെന്ന് വ്യക്തമാണ്. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് കണ്ണൂരില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്ന ആക്രമണം നടത്തിയത്.
‘രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല.ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവര്‍ തിരിച്ചാക്രമിക്കും. ബിജെപി പിന്നാലെ വരാന്‍ എതിര്‍പ്പ് സത്യസന്ധമാകണം. ബിജെപിക്കെതിരെ പോരാട്ടത്തിലാണന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ബിജെപിക്കെതിരെ ഒന്നും ചെയ്യുന്നില്ല, കേരളത്തിലെ മുഖ്യമന്ത്രി
24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നത്’ ഇതായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. വിഡി സതീശനും കെ സുധാകരനുമൊക്കെ പിണറായിയെ ആക്രമിക്കുന്ന അതേ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ഈ കടന്നാക്രമണം നടത്തിയത്. ബിജെപിക്കെതിരായ യുദ്ധത്തിലെ സഖ്യകകക്ഷി സ്ഥാനം കേരളത്തിലെ സിപിഎമ്മിന് നല്‍കേണ്ട എന്നുതന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുണ്ടെന്ന് പരക്കെ ആരോപിക്കപ്പെടുന്ന അന്തര്‍ധാരയെ പ്രചാരണത്തിലെ പ്രധാനവിഷയം തന്നെയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നും മല്‍സരിക്കുന്ന രാഹുല്‍ഗാന്ധി സിപിഎമ്മിനെതിരെ ഒന്നും പറഞ്ഞില്ലങ്കില്‍ അതിന്റെ നഷ്ടം ഇവിടുത്തെ കോണ്‍ഗ്രസിന് തന്നെയാണെന്ന്
അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാന്‍ കേരളനേതൃത്വത്തിന് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. എന്തുകൊണ്ടാണ് മോദി പിണറായിയെ മാത്രം വെറുതെ വിടുന്നതെന്ന ചോദ്യം രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വ്യത്യസ്തമാകും.
വിഡി സതീശനും കെ സുധാകരനും ഈ വിഷയം നിരന്തരം ഉയര്‍ത്തുമ്പോഴെല്ലാം പിണറായിക്ക് അതിനെ നേരിടാന്‍ കഴിയുമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുന്നു. എന്നെങ്കിലും കേന്ദ്രത്തില്‍ ഒരു ബിജെപി ഇതര മന്ത്രിസഭ
അധികാരത്തില്‍ വരികയാണെങ്കില്‍ അതിനെ നയിക്കുന്നത് രാഹുല്‍ ആയിരിക്കും. അപ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷത്തിന് രാഹുലിനെ പിന്തുണക്കാതെ നിര്‍വ്വാഹവുമില്ല. ആ രാഹുല്‍ ഗാന്ധിയാണ് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ബിജെപി വിരോധം കപടമാണെന്ന് പരസ്യമായി പറയുന്നത്. പിണറായി വിജയനും മറ്റു സിപിഎം നേതാക്കളും നിരന്തരമായി വിമര്‍ശിക്കുമ്പോഴും പലപ്പോഴും അവഹേളിക്കുമ്പോഴും അതിനൊന്നും രാഹുല്‍ മറുപടി പറയാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ കളി മാറണം എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതു കൊണ്ടു മാത്രമാണ് കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും വിശ്വസിക്കുന്നത്. പിണറായിയുടെ ബിജെപി വിരോധം കപടമാണെന്ന് തന്നെയാണ്
കോണ്‍ഗ്രസിന്റെ നിലപാട്. ആ നിലപാട് രാഹുല്‍ ഗാന്ധിയല്ലാതെ ആരാണ് പറയേണ്ടത്.ഇന്ത്യയിലെ രണ്ട് പ്രമുഖ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ജയിലിനകത്താണ്. അതില്‍ അരവിന്ദ് കെജ്രിവാളിനെ ബിജെപിയും മോദിയും നന്നായി ഭയക്കുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്രിവാള് അവതരിക്കപ്പെടുമോ എന്ന ഭയം മോദിക്കും ബിജെപിക്കും നന്നായുണ്ട്. അപ്പോഴും പിണറായി വിജയന് എന്നത് ബിജെപിയുടെ ഒരു തലവേദനയേ അല്ല. അങ്ങിനെ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേരളത്തിലെ സിപിഎമ്മിന് ഒരുപരിധി വരെ കഴിഞ്ഞിരുന്നു.
പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന അന്തര്‍ധാരയെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞുമില്ല. അത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ന്യൂനപക്ഷവിഭാഗങ്ങളും സിപിഎമ്മിന് യാതൊരു മടിയുമില്ലാതെ വോട്ടുകുത്തിക്കൊടുത്തതും. ഏതായാലും രാഹുല്‍ ഗാന്ധിയെക്കൊണ്ട് പിണറായി വിരുദ്ധ പ്രസ്താവന നടത്തിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ്. കേരളത്തില്‍ നിന്നും മല്‍സരിച്ചു ജയിക്കുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് ന്യായമായും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ആഗ്രഹിക്കാം. കാരണം രാഹുലിനെ പാര്‍ലമെന്റിലെത്തിക്കുന്നത് അവരുടെ വിയര്‍പ്പാണല്ലോ.