മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി താങ്ങേണ്ട ഗതികേടിലേക്ക് എത്തിച്ചതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രധാനകാരണങ്ങളിലൊന്നായി വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. മകള്‍ക്കെതിരെ മാസപ്പടിയുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയും എന്നാൽ പാര്‍ട്ടി മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ എതിരാകുന്നത് തിരിച്ചറിഞ്ഞില്ല എന്നാണ് ജില്ലാ കമ്മിറ്റികള്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. മാത്രമല്ല മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ പെരുമാറ്റം കമ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് വിവിധ ജില്ലാ കമ്മിറ്റികളില്‍ ഉണ്ടായത്.
എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ പിണറായി കാണിച്ച ബുദ്ധിയുടെ ‘ഗുട്ടന്‍സ്’ എന്താണെന്ന് പലര്‍ക്കും ഇപ്പോഴാണ് പിടികിട്ടിയത്. ഇന്നേവരെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിമാരെ ഇത്തരത്തില്‍ ന്യായീകരിച്ച് രംഗത്തെത്തിയിട്ടില്ല. നായനാര്‍ ഭരിക്കുമ്പോള്‍ സര്‍വ്വശക്തനായി നിന്നത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു. കാബിനറ്റ് യോഗത്തിന്റെ തലേദിവസം എകെജി സെന്ററില്‍ പോയി നായനാര്‍ വിഎസിനെ കാണുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി അറിയാതെ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളൊന്നും വരാന്‍ പാടില്ലെന്നായിരുന്നു അച്യുതാനന്ദന്റെ നിഷ്കര്‍ഷ. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കുന്നതിന്റെ ക്വട്ടേഷന്‍ സംസ്ഥാന സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ പറയുന്നത്.
ഈ വിമര്‍ശനങ്ങള്‍ക്കൊന്നും യാതൊരു മറുപടിയും നല്‍കേണ്ടതില്ലന്നാണ് എംവി ഗോവിന്ദന് പിണറായി വിജയന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുള്ള മറുപടി വരുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. അതനുസരിച്ച് തന്ത്രങ്ങള്‍ മെനയാനാണ് സിപിഎം ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടിയാല്‍ പിന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി ആശ്വാസമായി എന്നാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും കരുതുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വന്നാലും അതിനൊന്നും മറുപടി പറയേണ്ടെന്ന് എംവി ഗോവിന്ദന് നിര്‍ദേശം നല്‍കിയത്. മറുപടി പറയുമ്പോള്‍ അത് പിന്നീട് വലിയ വാര്‍ത്തയാകും. വിമര്‍ശനങ്ങളാകട്ടെ കമ്മിറ്റി യോഗങ്ങള്‍ കഴിയുമ്പോള്‍ താനെ അവസാനിക്കുമെന്നും സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നു.
ഇത്തരത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളിൽ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ നേതൃത്വത്തിനുണ്ടായിരുന്നു. എല്ലാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇത്തരത്തില്‍ വിശകലനയോഗങ്ങള് ചേരുകയും വിമര്‍ശനങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍ എല്ലാ വിമര്‍ശങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നത് ഇതാദ്യമായാണ്. അതാണ് സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നത്. പാര്‍ട്ടിയെ പറ്റിയല്ല വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കുറിച്ചാണ്. വിമര്‍ശനം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെയാകുന്നത് പാര്‍ട്ടിക്ക് ഭരണത്തില്‍ പങ്കില്ലെന്നതിന്റെ പ്രകടമായ സൂചനയാണ്. സിപിഎമ്മിന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വ്യക്തിക്കെതിരെ മാത്രം ഇത്തരത്തില്‍ വിമര്‍ശനം നടക്കുന്നത് ഇതാദ്യമായാണ്. തോല്‍വിയില്‍ പാര്‍ട്ടിക്കല്ല മുഖ്യമന്ത്രിക്കാണ് പങ്കെന്ന് പാര്‍ട്ടി നേതാക്കള്‍ ഈ വിമര്‍ശനത്തിലൂടെ തുറന്ന് പറയുകയാണ്. ഇതിന്റെ സന്ദേശം പിണറായിക്ക് നന്നായി മനസിലാകുന്നുമുണ്ട്.തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ 2021ലേത് പോലുള്ള ഒരു വിജയം സിപിഎം പ്രതീക്ഷിക്കുന്നില്ലങ്കിലും 50-55 ശതമാനം സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. അങ്ങിനെ വന്നാല്‍ പോലും തൊട്ടടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകില്ലന്ന വിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്. രസകരമായ കാര്യം പിണറായിക്ക് മാത്രമേ ആ വിശ്വാസമുള്ളുവെന്നതാണ്