പതിനെട്ടാം ലോക്സഭയിലേക്കുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പ്രതിപക്ഷമായ യുഡിഎഫിനാണോ ഭരണപക്ഷത്തുള്ള ഇടതുമുന്നണിക്കാണോ ഇലക്ഷൻ റിസൾട്ട് നിര്‍ണ്ണായകമാവുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരന് മാറേണ്ടി വരുമെന്ന സൂചനകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. അദ്ദേഹം കണ്ണൂരില്‍ ജയിച്ചാലും തോറ്റാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി അധ്യക്ഷസ്ഥാനത്ത് വേറൊരാള് എത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആ സ്ഥാനത്ത് തുടരുകയും ചെയ്യും. കോണ്‍ഗ്രസിലും യുഡിഎഫിലും ഇതിൽ കൂടുതൽ ചലനങ്ങള്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുമെന്ന് കരുതാനാവില്ല. ആകെയുള്ളത് മുസ്ലിം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന സംശയമായിരുന്നു. എന്നാല്‍ അതിന് വിദൂര സാധ്യത പോലുമില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിലും ഇടതുമുന്നണിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. യുഡിഎഫിനായിരിക്കും തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്ന് എല്ലാ പ്രീപോള്‍ സര്‍വ്വേകളും വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പിണറായി വിജയനെതിരെ സിപിഎമ്മില്‍ ഉരുണ്ടുകൂടുന്ന അസംതൃപ്തരുടെ വലിയ നിരയെ ആയിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ ആ പാര്‍ട്ടിയില്‍ കാണാന്‍ കഴിയുക. കെകെ ശൈലജ മുതല്‍ തോമസ് ഐസക് വരെയുളള നേതാക്കള്‍ പിണറായി വിജയന്റെ അപ്രമാദിത്തത്തിനെതിരെ വര്‍ധിതവീര്യത്തോടെ അണിനിരക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഈ സമ്മേളനത്തോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാനാണ് സാധ്യത. ഇതോടെ സിപിഎമ്മില്‍ അധികാരത്തര്‍ക്കം കനക്കും. ഭരണം ഉള്ളതും അത് തുടരാൻ സാധ്യതയുള്ളതുമായ ഏക സംസ്ഥാനം കേരളമായതുകൊണ്ട് പാര്‍ട്ടിയുടെ കേരളാ നേതൃത്വമായിരിക്കും സിപിഎം അഖിലേന്ത്യാ നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കാന്‍ പോകുന്നത്.
2026 ആകുമ്പോൾ പുതിയ നേതൃത്വത്തെ കേരളത്തില്‍ അവതരിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമത്തെ കെകെ ശൈലജയും തോമസ് ഐസകും അടക്കമുള്ള വിഭാഗം ശക്തമായി ചെറുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് തിരിച്ചടിയാണ് സമ്മാനിക്കുന്നതെങ്കില്‍ പിണറായി വിജയന് തന്റെ നീക്കം ഊര്‍ജ്ജിതപ്പെടുത്തുകയും അതിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയരുകയും ചെയ്യും. സിപിഎം നേരിടാന്‍ പോകുന്ന വലിയ പ്രശ്നം പിബി/കേന്ദ്രകമ്മിറ്റിയംഗങ്ങളായ എംഎ ബേബി, എ വിജയരാഘവന്, തോമസ് ഐസക്, കെകെ ശൈലജ, കെ രാധാകൃഷ്ണന്, ഇപി ജയരാജന്, എകെ ബാലന് തുടങ്ങിയവർ ഇനി പാര്‍ട്ടിയില്‍ എടുക്കുന്ന നിലപാടുകൾ നിർണായകമാണ്. പിബി അംഗമായ എ വിജയരാഘവനും കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണന്, ശൈലജ, തോമസ് ഐസക്, എളമരം കരീം എന്നിവര്‍ക്കും തെരഞ്ഞെടുപ്പില്‍ കാര്യമായ വിജയപ്രതീക്ഷയില്ല. ഇനി വിജയിച്ചാൽത്തന്നെ പാര്‍ട്ടിയില്‍ തങ്ങള്‍ ഒതുക്കപ്പെടുമെന്ന് അവര്‍ക്ക് നന്നായി അറിയാം.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ സിപിഎമ്മില്‍ പുതിയ നേതൃത്വത്തെ അവതരിപ്പിക്കാനാണ് പിണറായി വിജയന് ഉദ്ദേശിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ള നേതൃത്വം ആ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്. സീനിയർ നേതാക്കളെ മുഴുവന്‍ വെട്ടി സ്വന്തക്കാരായ രണ്ടാം നിരയെ പ്രതിഷ്ഠിക്കാനുള്ള സുവര്ണ്ണാവസരമായാണോ പിണറായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന ആശങ്കയാണ് ഇവര്‍ക്കുളളത്. സിപിഎമ്മിന്റെ അഖിലേന്ത്യ നേതൃനിരയില്‍ത്തന്നെ വലിയൊരു ശൂന്യതയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതും പിണറായി നല്ലൊരു അവസരമായി കാണുന്നു.
പ്രമുഖ പിബി-കേന്ദ്രകമ്മിറ്റിയംഗങ്ങള്ക്കാര്ക്കും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകില്ലന്ന സന്ദേശം പിണറായി വിജയന് ഇപ്പോഴേ നല്‍കിക്കഴിഞ്ഞു. ഐസക്കിനെയും ശൈലജയെയും വിജയരാഘവനെയുമൊക്കെ പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിക്കാനുള്ള കാരണവുമതാണ്. ശരിക്കും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. വലിയൊരു നേതൃനിരയെ അപ്പാടെ ഒതുക്കാനുള്ള പിണറായി തന്ത്രത്തിന്റെ റോഡ്മാപ്പ് കൂടിയാണത്