പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പിന്നിട്ടപ്പോൾ വോട്ടിംഗ് ശതമാനം കുറയുന്നത് വീണ്ടും ബിജെപിയുടെ ചങ്കിടിപ്പിക്കുന്നുണ്ടെന്നത് വ്യക്തം. 59.62% പോളിംഗാണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 78.20 %. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ 55.85%, ഹരിയാന 59.28%, ഒഡിഷ 60.07%, ജാര്‍ഖണ്ഡ് 63.27%, ബിഹാര്‍ 54.49%, ജമ്മുകശ്മീര്‍ 52.92% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ്. ബിജെപി വലിയ നേട്ടം പ്രതീക്ഷിക്കുന്ന പശ്ചിമബംഗാളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതാണ് അവര്ക്കാകെയുള്ള പ്രതീക്ഷ.
ബിജെപി കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലാണ് ആറാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ ഈ 58 മണ്ഡലങ്ങളും നേടിയത് ബിജെപിയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇതിൽ നിന്നും രണ്ടോ മൂന്നോ സീറ്റ് കുറഞ്ഞാല്‍ പോലും അത് വലിയ തിരിച്ചടിയാകുമെന്നാണ് ബിജെപി കരുതുന്നതും. ഇത്തവണ അമ്പത്തിയെട്ട് സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യാ സഖ്യം. ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് മെച്ചപ്പെട്ട നേട്ടം ഉണ്ടാക്കാന്‍ പറ്റുമെന്നാണ് ഇന്ത്യ സഖ്യം വിലയിരുത്തുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സീറ്റുകള്‍ നഷ്ടപ്പെടുന്ന കാര്യം ബിജെപിക്ക് ആലോചിക്കാനേ വയ്യ. കടുത്ത ചൂടിലാണ് ആറാംഘട്ടത്തിലും വോട്ടെടുപ്പ് നടന്നത്. അത് കൊണ്ടാണ് വോട്ടിംഗ് ശതമാനം കുറഞ്ഞതെന്നും എന്നാല്‍ തങ്ങളുടെ വോട്ടുകള്‍ എല്ലാം ചെയ്തുവെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്.
ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 66.14, രണ്ടാം ഘട്ടത്തില്‍ 67.71, മൂന്നാം ഘട്ടത്തില്‍ 65.68, നാലാംഘട്ടത്തില്‍ 69.16, അഞ്ചാംഘട്ടത്തില്‍ 62.20 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ആറാം ഘട്ടത്തില്‍ ആദ്യറിപ്പോര്ട്ടുകളിലാണ് 59.62% കാണിക്കുന്നത്. ജൂണ്‍ ഒന്നാം തീയതിയാണ് ഏഴാമത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറു സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തുമുള്ള 57 സീറ്റുകളിലേക്കാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ, ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.ആറാമത്തെയും ഏഴാമത്തെയും ഘട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. 115 സീറ്റില്‍ ഏതാണ്ട് 100 സീറ്റ് ഉറപ്പുള്ളതാണെന്ന് അവര്‍ കരുതുന്നു. അതില്‍ എന്തെങ്കിലും ഏറ്റക്കുറിച്ചിലുണ്ടായാല് തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ക്കറിയാം.
വളരെ നിര്‍ണ്ണായകമാണ് അവസാനത്തെ രണ്ടുഘട്ടമെന്നും ബിജെപി നേരത്തെ തന്നെ മനസിലാക്കിയിരുന്നു. എന്നാല്‍ ആറാം ഘട്ടത്തിലും ഉദ്ദേശിച്ച പോലെ പോളിംഗ് ശതമാനം ഉയരാതിരുന്നത് അവരെ അങ്കലാപ്പിലാക്കുന്നുണ്ട്. തങ്ങള്‍ക്ക് കാര്യമായ പ്രതീക്ഷയില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രിക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതൽ ശ്രദ്ധ കൊടുക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാല്‍ പോളിംഗ് ശതമാനം ഉയരാത്തത് വീണ്ടും അവരെ ആശങ്കപ്പെടുത്തുന്നു.കഠിനമായ ചൂടാണ് പോളിംഗ് ശതമാനം ഉയരാത്തതെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യുനപക്ഷ മേഖലകളില്‍ വോട്ടിംഗ് കുറഞ്ഞുവെന്ന വാര്‍ത്തകള്‍ ബിജെപിക്ക് സന്തോഷം പകരുന്നുണ്ട്. ആ വോട്ടുകള്‍ ഇന്ത്യ സഖ്യത്തിന്റേതാണെന്ന് ബിജെപിക്ക് അറിയാം. എന്നാലും മോദി തരംഗമില്ലെന്ന തിരിച്ചറിവ് അവര്‍ക്ക് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവസാനലാപ്പിലെ 115 സീറ്റുകളില്‍ എന്ത് സംഭവിക്കുമെന്ന് തന്നെയാണ് ബിജെപിയും ഇന്ത്യാ സഖ്യവും ഒരേ പോലെ ഉറ്റു നോക്കുന്നത്.