കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് കൊണ്ട് മുന്നണിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 15ഓളം സീറ്റുകളാണെന്നാണ് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തിയത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ മുന്നണിയില്‍ നിലനിര്‍ത്തി മാണി ഗ്രൂപ്പിനെ പുറംതള്ളുന്നതിനെക്കാള് നല്ലത് ഐക്യജനാധിപത്യ മുന്നണി പിരിച്ചുവിടുന്നതാണെന്ന് അന്ന് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ജോസഫ് ഗ്രൂപ്പ് മുന്നണിയില്‍ നില്‍ക്കുന്നത് ഗുണത്തേക്കളേറെ ദോഷമേ ചെയ്യുകയുള്ളുവെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്ന് നല്കിയ മുന്നറിയിപ്പ് ഇത്രമാത്രം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അമ്പരക്കുന്നുണ്ടാകണം. യുഡിഎഫിലെ മൂന്നാമത്തെ ഘടകക്ഷിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ആ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയാണ് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നും പാര്ലമെന്റ്ിലേക്ക് യുഡിഎഫിനു വേണ്ടി മല്‍സരിക്കുന്നത്. എതിരാളി ഇടതുമുന്നണിയിലുള്ള മാണി ഗ്രുപ്പിന്റെ സ്ഥാനാര്‍ത്ഥിയും. പ്രചാരണം മുന്നേറുമ്പോഴാണ് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനും തെരഞ്ഞെടുപ്പിന് നേതൃത്വം നല്കേണ്ടയാളുമായ സജി മഞ്ഞക്കടമ്പന് പദവി രാജി വച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്ത് വരുന്നത്. ജോസഫ് ഗ്രൂപ്പിനെക്കാള്‍ അത് ഞെട്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെയായിരുന്നു. കാരണം ജോസഫിന്റെ സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിജയിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ജോസഫ് ഗ്രൂപ്പിനെക്കാള്‍ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വൈകാരികമായ അടുപ്പം ഉള്ളത് കോണ്‍ഗ്രസിനാണ്. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം അവിടെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത് തങ്ങളുടെ വോട്ടുകള്‍ കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എക്കാലത്തും അവകാശപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ മാണിഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ തോൽപ്പിക്കാനാണ് കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നത്.
ആ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് സജി മഞ്ഞക്കടമ്പന് എന്ന ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ഇരുമ്പുവടിക്കടിച്ചത്. യുദ്ധത്തിന്റെ നടുവിൽ സേനാവ്യൂഹത്തെ നയിക്കേണ്ടവന് പിന്മാറുന്ന അവസ്ഥ. പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതൃത്വമാകട്ടെ ഗുരുതരമായ രാഷ്ട്രീയ തിരിച്ചടിയായാണ് ഇതിനെ കാണുന്നത്. ഈ പ്രശ്നത്തിന്റെ കാരണം തിരഞ്ഞു പോകുമ്പോള്‍ നമ്മള്‍ക്ക് മുന്നില്‍ തെളിയുന്നത് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കടുത്ത വിഭാഗീയത മാത്രമാണ്. പിജെ ജോസഫ് രാഷ്ട്രീയപ്രവർത്തനം ഏതാണ്ട് അവസാനിപ്പിക്കാറായ അവസ്ഥയിലാണ്. പാര്‍ട്ടിയിലെ രണ്ടാമന് എന്ന് സ്വയം പ്രഖ്യാപിച്ച കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഇനി താനാണ് ഈ പാര്‍ട്ടിയെ നയിക്കേണ്ടതെന്ന ഉറച്ച വിശ്വാസത്തിലാണ്. എന്നാല്‍ കേരള കോൺഗ്രസ് സ്ഥാപകൻ സാക്ഷാൽ കെഎം ജോര്‍ജ്ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ്ജ് നില്ക്കുമ്പോള് പാര്‍ട്ടി അദ്ദേഹത്തിന്റെ കൈകളിലേക്ക് ചെന്ന് ചേരുമോ എന്നൊരു ഭയം മോന്‍സ് ജോസഫിനുണ്ട്. ഫ്രാന്‍സിസ് ജോര്ജ്ജാണെങ്കില് അത്ര പ്രായോഗിക രാഷ്ട്രീയക്കാരന് ഒന്നുമല്ലെങ്കിലും ക്ളീന്‍ ഇമേജുള്ളയാളാണ്. അതാണ് മോന്‍സ് ജോസഫിനെ ആശങ്കപ്പെടുത്തുന്നതും.
കോട്ടയത്ത് നിന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പാര്‍ലമെന്റിലെത്തുന്നത് തനിക്ക് പണിയാകുമോ എന്ന പേടി മോന്‍സ് ജോസഫിന് നന്നായുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് ജോസഫ് ഗ്രൂപ്പിലേക്ക് തിരിച്ചുവരുന്നതിനെ തുടക്കം മുതലേ എതിര്‍ത്തയാളാണ് മോന്‍സ് ജോസഫ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ചങ്ങനാശേരിയിലോ കാഞ്ഞിരപ്പള്ളിയിലോ മല്‍സരിക്കണമെന്ന ആഗ്രഹം ഫ്രാന്‍സിസ് ജോര്‍ജ്ജിനുണ്ടായിരുന്നു. എന്നാല്‍ അതു നടക്കാതിരുന്നതിന് പിന്നില്‍ മോന്‍സ് ജോസഫിന്റെ കളികൾ തന്നെയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ രഹസ്യസംസാരം. ഇടുക്കിയില്‍ റോഷി അഗസ്റ്റിനോട് മല്‍സരിച്ചാല്‍ ജയിക്കില്ലെന്ന് മനസിലാക്കിത്തന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് അവിടെ മല്‍സരിച്ചതും പരാജയപ്പെട്ടതും. ജോസഫ് ഗ്രൂപ്പ് മോന്‍സ് ഗ്രൂപ്പായി മാറുന്നത് സ്വപ്നം കണ്ട് കാലം തള്ളി നീക്കുന്ന മോന്‍സ് ഒരു കാരണവശാലും ഫ്രാന്‍സിസ് ജോര്‍ജ്ജിനെ നിലം തൊടാന്‍ സമ്മതിക്കില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ് കോട്ടയത്ത് നിന്നും ജയിക്കണമെന്ന് മോന്‍സ് ജോര്‍ജ്ജിന് വലിയ ആഗ്രഹമൊന്നുമില്ലന്നര്ത്ഥം. സജി മഞ്ഞക്കടമ്പന് എന്ന ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റിന്റെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ആകെത്തുക ഇതാണ്.
വിവിധ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് രാഷ്ട്രീയപ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യമാണ് കേരളത്തില്‍. ഇത് കൃത്യമായി മനസിലാക്കുന്നത് കത്തോലിക്കാ സഭയാണ്. അതുകൊണ്ടാണ് അവര്‍ ഇടക്കാലത്ത് അല്‍പ്പം ബിജെപി സ്നേഹം പുറത്തെടുത്തത്. കെഎം മാണിക്ക് ശേഷം കരുത്തനായ നേതാവ് ഒരു കേരളാകോണ്ഗ്രസിലുമില്ല. പിജെ ജോസഫ് ആകട്ടെ ശാരീരികവും മാനസികവുമായി അവശനാണ്. രണ്ടാം തലമുറ നേതൃത്വം എന്ന് പറയുന്നവരാകട്ടെ, അത് ജോസ് കെ മാണിയായാലും അനൂപ് ജേക്കബായാലും മോന്‍സ് ജോസഫായാലും അവരുടെ നേതൃശേഷിയും ജനപിന്തുണയും ശരാശരിയിലും താഴെയാണ്. അപ്പോള്‍ ഇത്തരം പൊട്ടിത്തെറികളും ചക്കളത്തിപ്പോരാട്ടങ്ങളും തെരെഞ്ഞെടുപ്പിന്റെ മധ്യത്തിലായാല്പ്പോലും മറനീക്കി പുറത്തുവരുന്നതില്‍ അത്ഭുതപ്പെടാനില്ല.