കേരളത്തിലെ ബിജെപിയില്‍ കെ സുരേന്ദ്രന്റെ നല്ല കാലം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് തീരുകയാണ്. ഈ സൂചന നല്‍കുന്നത് ബിജെപി കേന്ദ്രനേതൃത്വം തന്നെയാണ്. വലിയ പ്രതീക്ഷകളോടെയാണ് 2020 ഫെബ്രുവരിയില്‍ സംസ്ഥാന ബിജെപിയുടെ കടിഞ്ഞാണ്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഏല്‍പ്പിക്കുന്നത്. അതിന് മുമ്പ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിച്ച സുരേന്ദ്രന് 3 ലക്ഷം വോട്ടുകൾ കിട്ടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് അദ്ദേഹം മഞ്ചേശ്വരത്ത് തോറ്റത്. കേരളത്തിൽ ബിജെപിയുടെ രണ്ടാം തലമുറ നേതാക്കൾക്കിടയിൽ പ്രമുഖനായിരുന്നു സുരേന്ദ്രൻ. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി ചലനങ്ങള്‍ ഉണ്ടാക്കിയതും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് ചർച്ചകളിൽ പങ്കെടുക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു. പ്രത്യേകിച്ച് സോളാര്‍ക്കേസ് പോലുള്ള വിവാദങ്ങളിലെ ഇടപെടലുകള്‍ ബിജെപിക്ക് പുറത്തും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. ശബരിമലയിലെ യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് സംഘപരിവാർ കേരളത്തില്‍ നടത്തിയ സമരപരമ്പരകളിലും കെ സുരേന്ദ്രന് തന്നെയായിരുന്നു താരം.
അതേത്തുടർന്നാണ് പിഎസ് ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞപ്പോള്‍ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ സുരേന്ദ്രന്റെ ഗ്രാഫ് താഴാന്‍ തുടങ്ങി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും കെ സുരേന്ദ്രന് വീണ്ടും മല്‍സരിച്ചു. ഭംഗിയായി തോല്‍ക്കുകയും ചെയ്തു. മഞ്ചേശ്വരം കൂടാതെ പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിലും അദ്ദേഹം മല്സരിച്ചുതോറ്റു. ആദ്യമായാണ് കേരളത്തില്‍ ഒരു ബിജെപി നേതാവ് രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത്. ഹെലികോപ്റ്ററില്‍ പറന്നെത്തിയാണ് മഞ്ചേശ്വരത്തും കോന്നിയിലും അദ്ദേഹം പ്രചാരണം നടത്തിയത്. ഇത് സംസ്ഥാന ബിജെപിയില്‍ ചില അസ്വസ്ഥതകളുണ്ടാക്കിയെങ്കിലും കേന്ദ്രനേതൃത്വത്തെ ഭയന്ന് അതൊന്നും ആരും പ്രശ്നമാക്കിയില്ല.
മഞ്ചേശ്വരം മണ്ഡലത്തില്‍ തന്റെ പേരുകാരനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് പിന്മാറാന് പണം വാഗ്ദാനം ചെയ്ത സംഭവത്തിലും ആദിവാസി നേതാവ് സികെ ജാനുവിന് എൻഡിഎയിൽ ചേരാൻ 35 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിലും കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാദമായ കൊടകര കുഴല്‍പ്പണക്കേസിലും സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് തൃശ്ശൂര്‍ കൊടകര ദേശീയ പാതയില്‍ കാറപകടമുണ്ടാക്കി 25 ലക്ഷം രൂപ കവര്‍ന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയതാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ കൊടകരയിൽ തട്ടിയെടുക്കപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും വ്യക്തമായതോടെ കേസിന് പുതിയ മാനം കൈവന്നു. ഇതിന് പിന്നാലെ കേസിലെ പരാതിക്കാരനായ സുന്ദരരാജനും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്താവുകയും ചെയ്തു. കെ സുരേന്ദ്രനെയടക്കം കേസില്‍ പ്രതിയാക്കിയെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സുരേന്ദ്രനുൾപ്പെടെ ഒരു ബിജെപി നേതാവിന്റെ പേരുപോലും ഉണ്ടായിരുന്നില്ല. അതോടെ കേസ് തേഞ്ഞുമാഞ്ഞ് പോയി.
കുഴൽപ്പണക്കേസിൽ പെട്ടതിനുശേഷം സുരേന്ദ്രന് പാർട്ടിക്കുള്ളിലും പുറത്തും അത്ര നല്ലകാലമായിരുന്നില്ല. പിണറായി വിജയനും കെ സുരേന്ദ്രനും തമ്മിലുള്ള ഒത്തുതീര്‍പ്പുകളുടെയും അഡ്ജസ്റ്റുമെന്റുകളുടെയും പിന്നാമ്പുറക്കഥകൾ സുരേന്ദ്രന് വിരുദ്ധരായ ബിജെപിക്കാര്‍ തന്നെ പാടി നടക്കാന്‍ തുടങ്ങി. അതോടൊപ്പം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് പിണറായി സര്ക്കാരിനോടുണ്ടെന്ന് പറയപ്പെടുന്ന മൃദുസമീപനവും ബിജെപിക്കുള്ളിലും പുറത്തും ചര്‍ച്ചാവിഷയമായി. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിശ്വസ്തനാണ് സുരേന്ദ്രന്. ഇവര്‍ രണ്ടും പേരും ബിജെപി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷുമായി അടുപ്പമുളളവരുമാണ്. ആര്‍എസ്എസ് ബിജെപിയിലേക്ക് നിയോഗിച്ചിരിക്കുന്നയാളാണ് ബിഎല്‍ സന്തോഷ്. മോദി, അമിത്ഷാ, ജെ പി നദ്ദ എന്നിവർ കഴിഞ്ഞാല്‍ ബിജെപിയിലെ പ്രമുഖൻ. അതുകൊണ്ടു തന്നെ കേരളത്തിൽ സുരേന്ദ്രനെതിരെ മറുപക്ഷം നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. കെ സുരേന്ദ്രന്റെ ഗ്രൂപ്പിലില്ലാത്ത ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസുമൊക്കെ മുരളി-സുരേന്ദ്രന് അച്ചുതണ്ടിനോട് ഏറ്റുമുട്ടി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അമിത് ഷാക്ക് മുമ്പില്‍ സുരേന്ദ്രനെക്കുറിച്ച് നിരന്തരം പരാതികളെത്തിക്കൊണ്ടിരുന്നു. അപ്പോഴും കേരളത്തിലെ ബിജെപിയെ നയിക്കാന്‍ പ്രാപ്തനായ നേതാവ് സുരേന്ദ്രന് തന്നെയാണ് എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം. ഒരു എംഎല്‍എയോ എംപിയോ ബിജെപിക്ക് കേരളത്തില്‍ നിന്നില്ലെങ്കിലും കെ സുരേന്ദ്രന് സംസ്ഥാന നേതൃത്വത്തിൽ തുടർന്നു. എകെജി സെന്ററിനെ വെല്ലുന്ന തരത്തില്‍ തിരുവനന്തപുരത്ത് മാരാര്‍ജി സ്മൃതിഭവന് എന്ന പേരിൽ എട്ടുനിലയിൽ ബിജെപിയുടെ സംസ്ഥാന കാര്യാലയം ഉയര്‍ന്നു.
എന്നാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കണമെന്ന് ദേശീയ നേതൃത്വം തിട്ടൂരമിറക്കിയതോടെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി കേരളഘടകത്തിൽ സംസാരമുയർന്നു. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സുരേന്ദ്രന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല. വയനാട് ശരിക്കും സുരേന്ദ്രന്റെ ആദ്യകാല തട്ടകമാണ്. യുവമോര്‍ച്ച വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നയാളാണ് അദ്ദേഹം. എന്നാൽ കേവലം എട്ടുശതമാനം വോട്ടുമാത്രമുള്ള ഡി ക്ളാസ് മണ്ഡലമാണ് വയനാട്. സുരേന്ദ്രന്റെ നിലവാരത്തിലുള്ള ഒരു നേതാവ് മല്‍സരിക്കേണ്ട മണ്ഡലമല്ലത്. എന്നിട്ടും അവിടെ കെ സുരേന്ദ്രനെ തന്നെ നിയോഗിച്ചുവെങ്കില്‍ കേന്ദ്രനേതൃത്വം കേരളത്തിലെ ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തം. ഈ തെരെഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വത്തിന്റെ സ്ഥാനാർഥികളായ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും സംസ്ഥാന ഘടകത്തിനെതിരായി നൽകിയ പരാതികളും സുരേന്ദ്രനെ വയനാട്ടിലേക്ക് പറഞ്ഞുവിടാൻ കാരണമായിട്ടുണ്ട്. അതോടൊപ്പം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് മോദിയും അമിത്ഷായും കാണുന്നതെന്നും മനസിലാക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരും. പുതിയ ലീഡർഷിപ്പിന്റെ വർധിതവീര്യത്തോടെയാകും ബിജെപി രണ്ടുവർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾക്ക് മുന്നിലെത്തുക