കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിലുണ്ടാക്കുന്ന ഇമ്പാക്ട് എന്തായിരിക്കുമെന്നാണ് വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിലും പ്രധാന ചര്‍ച്ചാ വിഷയം. എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കും പ്രകാരം പ്രതിപക്ഷമായ യുഡിഎഫ് 20 ല്‍ 20 ഉം തൂത്തുവാരുകയാണെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിപിഎമ്മിലും പലരും പ്രതീക്ഷിക്കുന്നത് അത്തരത്തിലൊരു സ്ഥിതി വിശേഷമാണെന്ന സൂചനയുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റുമാത്രമാണ് സിപിഎമ്മിന് കേരളത്തില്‍ കിട്ടിയത്. ഇത്തവണ അതില്‍ നിന്നും രണ്ടുസീറ്റെങ്കിലും കൂടുതല്‍ ലഭിച്ചാല്‍ പോലും നേട്ടമായിരിക്കുമെന്നാണ് പ്രമുഖരായ പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. കാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടി നേരത്തെ വിലയിരുത്തിയിരുന്നു. അതിന്റെ ആഘാതം പരമാവധി കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് കെകെ ശൈലജയെപ്പോലുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥികളായി ഇറക്കിയത്.
തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് തീർത്തും എതിരാവുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ കുടംബത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയുണ്ടാകും. അഴിമതി വാർത്തകൾ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചുവെന്ന വിലയിരുത്തലില്‍ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ എത്തിച്ചേര്‍ന്നാല്‍ അത് പിണറായി വിജയനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമായ വസ്തുതകള്‍ പരിശോധിച്ച് തിരുത്തണമെന്ന നിലപാട് സിപിഎം കൈക്കൊണ്ടാല്‍ പോലും അത് പാര്‍ട്ടിയിലെ പിണറായിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയേറ്റാല്‍ പിന്നെ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയുണ്ടാകുമോ എന്ന ഭയം പോലും നേതാക്കള്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ സര്‍വ്വം പിണറായി മയമായിരിക്കുന്ന അവസ്ഥയില്‍ ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ലെന്നതാണ് വസ്തുത. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കനത്ത തോൽവി സിപിഎമ്മിനുണ്ടായാല് ഇപ്പോള്‍ നിശബ്ദരായിരിക്കുന്ന പലരും ഉറക്കെ പ്രതികരിക്കാൻ തുടങ്ങുമെന്നതിന്റെ ലക്ഷണങ്ങൾ സിപിഎമ്മിനകത്ത് ഇപ്പോഴേ ഉണ്ട്.
ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് അടക്കമുള്ള സീനിയര്‍ നേതാക്കള്‍ക്ക് പിണറായി വിജയനോട് കടുത്ത അതൃപ്തിയാണുള്ളത്. എന്നാല്‍ അത് തുറന്ന് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പിണറായി മുഖ്യമന്ത്രിയായത് കൊണ്ടല്ല മറിച്ച് പാര്‍ട്ടി ഇപ്പോഴും ഏതാണ്ട് പൂര്‍ണ്ണമായും പിണറായിയുടെ കയ്യിലാണ് എന്നത് കൊണ്ടാണത്. പാര്‍ട്ടിക്ക് മേലുള്ള പിടി പിണറായി അല്‍പ്പം പോലും അയച്ചിട്ടില്ല. മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിലെല്ലാം പാര്‍ട്ടിയുടെ നിയന്ത്രണം പിണറായിയുടെ കയ്യില്‍ ഭദ്രമായിരുന്നു. അതിളക്കാന് ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിൽ കാര്യങ്ങള്‍ മാറിമറിയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് 22 മാസമേയുളളു എന്നതാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ വലക്കുന്നത് പാര്‍ട്ടിയെ ആണെന്നും അത് വരുന്ന തെരെഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് സിപിഎം നേതാക്കള്‍ പലരും കരുതുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കോക്കസിന്റെ കയ്യിലായിപ്പോയെന്നും പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് പോലും അവിടം അപ്രാപ്യമായി തീര്‍ന്നുവെന്നും പ്രബലമായ ഒരു വിഭാഗം കരുതുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ച് സിപിഎമ്മിലെ പ്രമുഖ നേതാക്കളാരും ഒരക്ഷരം മിണ്ടിയിട്ടില്ല. പാര്‍ട്ടി വലിയൊരു തിരിച്ചടിയെ നേരിടേണ്ടി വരുമോ എന്ന ഭയം അവര്‍ക്കെല്ലാമുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 19 സീറ്റുകള്‍ നേടിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയെങ്കിലും അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യമല്ല ഇപ്പോഴുളളത് എന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്. നാളെ പുറത്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് പൂര്‍ണ്ണമായും എതിരാണെങ്കില്‍ പിന്നെ ബംഗാളോ ത്രിപുരയോ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവന്മരണ പോരാട്ടം തന്നെ പാര്‍ട്ടി നടത്തേണ്ടി വരും.