ജൂനിയറായ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിക്കൊണ്ട് തന്നെ ഒതുക്കിക്കളഞ്ഞ പിണറായി വിജയനോടും പാര്‍ട്ടി നേതൃത്വത്തോടും ഒരിക്കലും ക്ഷമിക്കാന്‍ ഇപി ജയരാജന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപി പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നത്.
കേരളത്തില്‍ ബിജെപിയും ഇടതുമുന്നണിയും തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നും തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വളരെ മികച്ചവരാണെന്നുമുള്ള ഇപി ജയരാജന്റെ പ്രസ്താവന സിപിഎമ്മിനുണ്ടാക്കിയത് ചില്ലറ തലവേദനയല്ല. അവസാനം പിണറായി വിജയന് പരസ്യമായി ഇടതുമുന്നണി കണ്‍വീനറെ തള്ളേണ്ടി വന്നു. പിണറായി അങ്ങനെ ചെയ്തതിന് ഒരര്‍ത്ഥമേയുള്ളു. ഇനി അധികകാലം ഇപിക്ക് സിപിഎം നേതൃനിരയില്‍ നില്ക്കാന് കഴിയില്ല . ഇപി ജയരാജന്റെ പ്രസ്താവനകള്‍ തല്ക്കാലം കൊടുക്കേണ്ട എന്ന നിര്‍ദേശം പാര്‍ട്ടി പത്രമായ ദേശാഭിമാനിക്ക് എംവി ഗോവിന്ദന് നല്‍കിയെന്നാണ് സിപിഎമ്മില്‍ നിന്നുള്ള വാർത്ത.
തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ചുള്ള വിവാദം പാര്‍ട്ടിയില്‍ ഊതിക്കത്തിച്ചതിന് പിന്നില്‍ പിണറായി വിജയന് തന്നെയാണെന്നാണ് ഇപി വിശ്വസിക്കുന്നത്. എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതിനെതിരെ കടുത്ത എതിര്‍പ്പ് ഇപി ഉയര്‍ത്തിയപ്പോള്‍ത്തന്നെ പിണറായി തന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു. ഇപിയുടെ നിത്യശത്രുവായ പി ജയരാജനെക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ വൈദേകം റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണം ഉന്നയിപ്പിച്ചത്. അതും വ്യക്തമായ തെളിവുകള്‍ സഹിതം. ഇതോടെ വെട്ടിലായ ഇപിക്ക് എംവി ഗോവിന്ദനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. മാത്രമല്ല ആ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥയിലുള്ള നിരാമയ റിസോര്‍ട്ട് ഗ്രൂപ്പിന് വില്‍ക്കുകയും ചെയ്തു. കേരളത്തിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ മകന്റെ റിസോര്‍ട്ട് ബിജെപി നേതാവ് ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയെ അത് വലിയ പ്രതിരോധത്തിലാക്കുമെന്ന് പിണറായി വിജയന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നിട്ടും പിണറായി കടിച്ചുപിടിച്ച് സഹിച്ചത് കണ്ണൂരില്‍ താനും അന്തരിച്ച കൊടിയേരിയും കഴിഞ്ഞാല്‍ സ്വാധീനമുള്ള അടുത്തയാള്‍ ഇപി ജയരാജന് തന്നെയാണെന്നറിയാമെന്നത് കൊണ്ടാണ്.
ഒരു കാലത്ത് പിണറായിക്കു ശേഷം ആര്‍എസ്എസ് തങ്ങളുടെ ഹിറ്റ്ലിസ്റ്റില് രണ്ടാമതായി എഴുതിച്ചേര്‍ത്ത പേരാണ് ഇപി ജയരാജന്റേത്. പിന്നീട് കെ സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വന്നപ്പോൾ സുധാകരനും ജയരാജനും തമ്മിലായി ഏറ്റുമുട്ടലുകള്‍. അവസാനം അത് ട്രെയിനിലെ കൊലപാതകശ്രമം വരെയെത്തി. ചണ്ഡീഗഡിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വരുമ്പോള്‍ ആന്ധ്രയില്‍ വച്ചായിരുന്നു ഇപി മരിച്ചുവെന്ന് തന്നെ അക്രമികള്‍ കരുതിയ ആ വെടിവയ്പ് നടന്നത്. അതിന് പിന്നില്‍ കെ സുധാകരനും എംവി രാഘവനുമാണെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും രണ്ടുപേരെയും വേട്ടയാടുകയും ചെയ്തു.
അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വത്തിന് ഇപി ജയരാജന് എന്ന വ്യക്തിയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല. കണ്ണൂരിലെ സഖാക്കള്‍ക്ക് ഇപ്പോഴും ഇപിയോട് വലിയ ആരാധനയാണ്. ഇക്കാരണങ്ങളാലാണ് എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയപ്പോള്‍ ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം നല്കി അനുനയിപ്പിച്ചത്. പിണറായി കഴിഞ്ഞാല്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ രണ്ടാമനായ ഇപി ജയരാജൻ സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളയാളുമായിരുന്നു. എന്നാല്‍ പാര്ട്ടിക്കുമേലെയാണ് മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താല്പര്യങ്ങള് എന്നു വന്നപ്പോഴാണ് ഇപിയെ സിപിഎമ്മിന് തഴയേണ്ടി വന്നത്.
തന്റെ ഭാര്യാസഹോദരിയായ പികെ ശ്രീമതിക്ക് ഇത്തവണ കണ്ണൂര്‍ ലോക്സഭാ സീറ്റ് കിട്ടുമെന്നായിരുന്നു ഇപിയുടെ പ്രതീക്ഷ. എന്നാല്‍ തന്റെ വിശ്വസ്തനും ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജനെയാണ് പിണറായി കണ്ണൂരിൽ നിർത്തിയത്. പികെ ശ്രീമതി 2014ല്‍ കണ്ണൂരില്‍ നിന്നും ജയിച്ചയാളുമാണ്. എന്നാല്‍ ശ്രീമതിക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ഇപിയുടെ രോഷം പൊട്ടിത്തെറിയായി മാറി. ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ ആയിട്ടും ഇതുവരെ ഒരു ജില്ലയിലും ഇപി ജയരാജന് പ്രചാരണത്തിന് പോയിട്ടില്ല. കണ്ണൂരിലെ വീട്ടിലിരുന്ന് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ മാത്രം നടത്തുകയാണ്. വേറെ ഏതു നേതാവാണെങ്കിലും സിപിഎം ഇതിനകം നടപടിയെടുത്ത് മൂലക്കിരുത്തിയേനെ. എന്നാല്‍ ഇപിയെ പോലെയൊരു നേതാവിനോട് അങ്ങിനെ ചെയ്യുക വയ്യ.
തന്റെ രാഷ്ട്രീയ ജീവിതം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇപിക്കും ബോധ്യമുണ്ട്. അപ്രസക്തനാകും മുമ്പ് പാര്‍ട്ടിയെ പരമാവധി പ്രതിസന്ധിയിലാക്കാനാണ് ഇപിയുടെ ശ്രമമെന്ന് വേണം കരുതാൻ. അങ്ങിനെയെങ്കില്‍ ഇപി ജയരാജന്റെ സ്ഥാനം സിപിഎമ്മില്‍ ഇനി എവിടെയായിരിക്കുമെന്ന് കണ്ടറിയണം.