തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തോറ്റാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് സാധാരണ ഗതിയില്‍ രാഷ്ട്രീയപാര്‍ട്ടികൾ ചർച്ച ചെയ്യാറുണ്ട്. എന്നാല്‍ ജയിച്ചു കഴിഞ്ഞാലുള്ള പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നത് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലാണ്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ കെകെ ശൈലജക്കെതിരെ മല്‍സരിക്കുന്നത്. അവിടെ ഷാഫി ജയിക്കുകയാണെങ്കില്‍ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വരും.
ബിജെപിയുടെ ശക്തികേന്ദ്രമാണ് പാലക്കാട്. കഴിഞ്ഞ തവണ മെട്രോമാന് ഇ ശ്രീധരനെതിരെ കഷ്ടിച്ച് 3000 വോട്ടിനാണ് ഷാഫി ജയിച്ചത്. ഷാഫിയായത് കൊണ്ടുമാത്രമുള്ള ജയം എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇതിനെ വിശേഷിപ്പിച്ചത്. വടകരയില്‍ ഷാഫി ജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ അവിടെ ചിലപ്പോള്‍ ബിജെപി ജയിച്ചു കയറുമെന്ന ഭയം കോണ്‍ഗ്രസിനു മാത്രമല്ല സിപിഎമ്മിനുപോലുമുണ്ട്. ചുരുക്കത്തില്‍ വടകര സീറ്റുറപ്പിക്കാന്‍ വേണ്ടി നടത്തിയ രാഷ്ട്രീയ നീക്കം ബിജെപിക്ക് നിയമസഭയില്‍ വീണ്ടും അക്കൗണ്ടു തുറക്കുന്നതിലേക്ക് നീങ്ങുമോ എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. അങ്ങിനെ സംഭവിച്ചാല്‍ മുസ്ലിംലീഗിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചിന്തയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഷാഫിയെ വടകരയില്‍ ഇറക്കിയതില്‍ ലീഗിന് അസംതൃപ്തിയുണ്ട്.
ആദ്യം ടി സിദ്ധിഖിനെ നിര്‍ത്താനാണ് ആലോചിച്ചിരുന്നതെങ്കിലും അദ്ദേഹം രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ കല്‍പ്പറ്റ എംഎൽഎ ആണ്. സിദ്ധിഖ് ജയിച്ചാല്‍ കല്‍പ്പറ്റയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും, രാഹുല്‍ഗാന്ധിയുടെ നിയോജകമണ്ഡലത്തിലെ അസംബ്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത് അദ്ദേഹത്തിന് രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാക്കും. രാഹുൽ അവിടെ പ്രചാരണത്തിന് ഇറങ്ങേണ്ടി വരും. രാഹുല്‍ പ്രചാരണത്തിനിറങ്ങിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത് സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ ചലനമുണ്ടാക്കും. ഇത് കൊണ്ടാണ് ടി സിദ്ധിഖ് ഒഴിവാക്കപ്പെട്ടതും ഷാഫിക്ക് നറുക്ക് വീണതും.
വടകര ഇത്തവണയും കെ മുരളീധരന്റെ കയ്യില്‍ ഭദ്രമാണെന്ന് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ ചിന്ത. മുരളിയുടെ ജനപിന്തുണയെ കവച്ച് വയ്കാന്‍ ശൈലജക്ക് കഴിയില്ലന്ന് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 35 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളില്‍ സിംഹഭാഗവും അതോടൊപ്പം 30000ൽ അധികമുള്ള ആര്‍എംപി വോട്ടുകളും കെ മുരളീധരന് അനുകൂലമായി വീണുകഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ മതി മുരളിക്ക് ജയമുറപ്പിക്കാൻ. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശവും തൃശൂരില്‍ പ്രതാപന്റെ നില പരുങ്ങലിലായതുമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഇതോടെ മുരളിക്ക് തൃശൂര്‍ക്ക് മാറേണ്ടി വന്നു. ഷാഫിക്ക് വടകരയിലേക്ക് പോകേണ്ടിയും വന്നു.
സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായാണ് വടകര അറിയപ്പെട്ടിരുന്നതെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥികളല്ല അവിടെ നിന്നും കൂടുതലായും ജയിച്ചിട്ടുളളത്. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളും പിന്നീട് കെ പി ഉണ്ണികൃഷ്ണനെപ്പോലുളളവരുമാണ് ഇരുമുന്നണികളിലും നിന്നായി വടകരയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുളളത്. കോണ്‍ഗ്രസിനും സിപിഎമ്മിനും ജയിക്കാവുന്ന വോട്ടുകള്‍ ഉള്ള മണ്ഡലമാണ് വടകര. സ്വാതന്ത്ര്യസമരകാലത്തും അതിനെ ശേഷവും സോഷ്യലിസ്റ്റുപാര്ട്ടികള്ക്കാണ് വടകരയില്‍ പ്രാമുഖ്യമുണ്ടായിരുന്നത്. ആ മേൽക്കൈ പിന്നീട് വടകര നിയമസഭാമണ്ഡലത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. ഡോ കെബി മേനോനെയും, അരങ്ങില്‍ ശ്രീധരനെയും പോലുള്ള അതികായരായ സോഷ്യലിസ്റ്റു നേതാക്കളെ പാര്ലമെന്റിലെത്തിച്ച പാരമ്പര്യമുളള മണ്ഡലമാണ് വടകര.
1971ല്‍ കെ പി ഉണ്ണികൃഷ്ണനിലൂടെയാണ് കോണ്‍ഗ്രസിന് വടകര കിട്ടുന്നത്. പിന്നീട് 25 കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെപി ഉണ്ണികൃഷ്ണനായിരുന്നു.അതിന് ശേഷം ഒ ഭരതനും എകെ പ്രേമജവും സതീദേവിയും സിപിഎമ്മിന് വേണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും കോണ്‍ഗ്രസിന് വേണ്ടിയും വടകരയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു. ഏതായാലും ഷാഫി പറമ്പിലിന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരേ പോലെ നിര്‍ണ്ണായകമാണ്. കെകെ ശൈലജയെപ്പോലൊരു സീനിയര്‍ നേതാവ് ഷാഫിയെപ്പൊലൊരു യുവ നേതാവിന് മുന്നില്‍ തോല്‍ക്കുക എന്നത് സിപിഎമ്മിന് ചിന്തിക്കാന്‍ പോലും വയ്യ. ഏഴ് അസംബ്ളി മണ്ഡലങ്ങളില്‍ വടകര ഒഴിച്ച് ബാക്കിയെല്ലാം സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കയ്യിലാണ്. എന്നിട്ടും അവിടെ കാലിടറിയാല്‍ പിന്നെ കെകെ ഷൈലജക്ക് ഇനിയൊരു രാഷ്ട്രീയ അങ്കത്തിന് ബാല്യമില്ല. ഷാഫിയാണെങ്കില് പാലക്കാട് കൈവിട്ടുപോകുമോ എന്ന ആശങ്കയിലുമാണ്.
ഏതായാലും തങ്ങൾ വടകരയിൽ ജയിക്കില്ല എന്നാൽ ഷാഫിയെ പാർലമെന്റിൽ അയച്ച് പാലക്കാട് അസംബ്ലി പിടിക്കാമെന്ന കണക്കുകൂട്ടലിൽ ബിജെപി യുഡിഎഫിന് കുത്തുമോ അതോ ഷാഫിയെ ജയിപ്പിച്ച് പാലക്കാട്ട് നിന്നൊരു ബിജെപി എംഎൽഎ ഉണ്ടാവാതിരിക്കാൻ ലീഗ് വോട്ടുകൾ ശൈലജക്ക് കിട്ടുമോ എന്നൊക്കെ കാത്തിരുന്ന് കാണാം