പേടിഎം പേയ്മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് ആദ്യത്തോടെ നിലവിൽ വരികയാണ്. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റുകൾ, ഫാസ്ടാഗുകൾ, പണം കൈമാറ്റം, ക്രെഡിറ്റ് ഇടപാട് എന്നിവയെ പുതിയ നിയന്ത്രങ്ങൾ ബാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. നിലവിലുള്ള ഉപഭോക്താക്കളെയും പേടിഎം പേയ്മെൻ്റ് ബാങ്കിലെ ബാക്കി തുകയെയും ഇത് ബാധിക്കില്ലെന്ന വിശദീകരണമാണ് പേടിഎം നൽകുന്നത്.
നിലവിലുള്ള ബാലൻസിനെ ബാധിക്കുമോ ?
ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിലോ പേടിഎം വാലറ്റുകളിലോ പേടിഎം ഫാസ്ടാഗുകളിലോ മൊബിലിറ്റി/ട്രാൻസിറ്റ് കാർഡുകളിലോ നിലവിലുള്ള നിക്ഷേപങ്ങളെയോ ബാലൻസുകളെയോ ആർ.ബി.ഐ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് പേടിഎം അറിയിച്ചു. ബാലൻസ് ഫെബ്രുവരി 29-ന് ശേഷവും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. കൂടാതെ, ഇന്ത്യയിലെ നിലവിലുള്ള ബിസിനസ്സ് ഉടമകൾക്കും വ്യാപാരികൾക്കും പേയ്മെൻ്റ് സേവനങ്ങൾ തുടർന്നും നൽകുമെന്ന് പേടിഎം പറഞ്ഞു. “പേടിഎം ക്യു ആർ, പേടിഎം സൗണ്ട്ബോക്സ് , പേടിഎം കാർഡ് മെഷീൻ പോലുള്ള വൺ 97 കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ഓഫ്ലൈൻ മർച്ചൻ്റ് പേയ്മെൻ്റ് നെറ്റ്വർക്ക് ഓഫറുകൾ പതിവുപോലെ തുടരും, പുതിയ ഓഫ്ലൈൻ വ്യാപാരികളെയും ഉൾപ്പെടുത്താനും കഴിയും,” കമ്പനി അറിയിച്ചു.
പേറ്റിഎം മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഇനി സെൻട്രൽ ബാങ്കിൽ നിന്ന് നിയന്ത്രണങ്ങൾ ലഭിച്ച പേറ്റിഎം പേയ്മെന്റ് ബാങ്കുമായി സേവനം പങ്കിടില്ല .
എന്തെല്ലാം സേവനങ്ങൾ ഇല്ലാതെയാകും ?
നിലവിലുള്ള പേടിഎം പേയ്മെൻ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ഉപയോഗം, നിക്ഷേപം, ഫണ്ട് കൈമാറ്റം, യുപിഐ ഇടപാടുകൾ, ഫാസ്റ്റാഗ് ടോൾ പേയ്മെൻ്റുകൾ, ബിൽ പേയ്മെൻ്റുകൾ, വാലറ്റ് ഉപയോഗം തുടങ്ങിയ പ്രവർത്തനങ്ങൾ ഫെബ്രുവരി 29 ന് ശേഷം ചെയ്യാൻ കഴിയില്ല. പേടിഎം പേയ്മെൻ്റ് ബാങ്കിൽ നിലവിലുള്ള ബാലൻസ് പിൻവലിക്കാനും ക്യാഷ്ബാക്കുകൾ, റീഫണ്ടുകൾ എന്നിവ ക്ലെയിം ചെയ്യാനോ അല്ലെങ്കിൽ അവരുടെ സേവിംഗ്സ് അക്കൗണ്ടുകൾ, പേടിഎം വാലറ്റുകൾ, ഫാസ്ടാഗുകൾ അല്ലെങ്കിൽ ട്രാൻസിറ്റ് കാർഡ് സേവനങ്ങൾ എന്നിവയിൽ എന്തെങ്കിലും തുക ഉപയോഗിക്കാനും കഴിയും. എന്നാൽ ഫെബ്രുവരി 29-ന് ശേഷം ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിലേക്കും സേവനങ്ങളിലേക്കും പണമൊന്നും നിക്ഷേപിക്കാൻ ആകില്ല.
നിലവിൽ പേടിഎം പേയ്മെൻ്റ് ബാങ്കിന് 330 ദശലക്ഷത്തിലധികം വാലറ്റ് അക്കൗണ്ടുകളും പ്രതിമാസ൦ 100 ദശലക്ഷം ഇടപാട് നടത്തുന്ന ഉപയോക്താക്കളുമുണ്ട്. ബാങ്കിംഗ് സൗകര്യങ്ങളും സേവിംഗ്സ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ബാങ്കിംഗ് സേവന൦ നൽകുന്ന പേടിഎമ്മിന്റെ ഭാഗമാണ് പേടിഎം പേയ്മെൻ്റ് ബാങ്ക് . റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകൃതമായ പേയ്മെൻ്റ് ബാങ്ക് 2017ലാണ് പ്രവർത്തനം ആരംഭിച്ചത്. സെൻട്രൽ ബാങ്കിൻ്റെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ പ്രവർത്തങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്കെതിരെയുള്ള നടപടികളാണ് ഇപ്പോൾ പേടിഎം നേരിട്ടുകൊണ്ടിരിക്കുന്നത്.