സീതാറാം യെച്ചൂരിക്ക് ശേഷം ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ സിപിഎമ്മിനെ കുഴക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ യെച്ചൂരിയോളം കരിസ്മയുള്ള നേതാവ് ഇനി സിപിഎമ്മിനില്ല എന്നതാണ് വസ്തുത. അദ്ദേഹം വിടവാങ്ങിയതിന് ശേഷം സിപിഎം ഏതാണ്ട് പൂര്‍ണ്ണമായും കേരളാ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. പൊളിറ്റ് ബ്യൂറോയിലെ സീനിയര്‍ അംഗവും, മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടായിരിക്കും മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുക എന്നതാണ് സൂചന. പ്രകാശ് കാരാട്ട് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കേരളത്തിലെ പാര്‍ട്ടി സംവിധാനത്തിനൊപ്പമാണ്. പിണറായി വിജയനോട് വ്യക്തിപരമായി വളരെ അടുപ്പമുള്ള നേതാവുമാണ് അദ്ദേഹം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ആരായിരിക്കും ജനറല്‍ സെക്രട്ടറിയെന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു ധാരണയും ആര്‍ക്കുമില്ല.
കേരളത്തില്‍ മാത്രമേ ഇപ്പോള്‍ സിപിഎം എന്ന പാര്‍ട്ടി നിലനില്ക്കുന്നുള്ളു. അതുകൊണ്ട് മലയാളിയായ ഒരു പൊളിറ്റ്ബ്യുറോ അംഗമായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെന്ന സൂചന ലഭിക്കുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ സീതാറാം യെച്ചൂരിക്കുണ്ടായിരുന്ന അംഗീകാരവും, പിന്തുണയും മറ്റാര്‍ക്കും ലഭിക്കില്ലന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്. കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളില്‍ പ്രകാശ് കാരാട്ടിനൊഴികെ ആര്‍ക്കും ദേശീയ തലത്തില്‍ വലിയ അംഗീകാരമില്ല. സിപിഎമ്മിന്റെ അവസാന ദേശീയ നേതാവായിരുന്നു യെച്ചൂരി. നെഹ്റു കുടുംബവുമായി വളരെയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന യെച്ചൂരി ഒരുകാലത്ത് കോണ്‍ഗ്രസില്‍ എത്തുമെന്ന സൂചനപോലുമുണ്ടായിരുന്നു. ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ എക്കാലവും കോണ്‍ഗ്രസിനൊപ്പമാണ് ഇടതു കക്ഷികള്‍ നില കൊള്ളേണ്ടതെന്ന ഉറച്ച അഭിപ്രായമായിരുന്നു സീതാറാം യെച്ചൂരിക്കുണ്ടായിരുന്നത്. എന്നാല്‍ കേരളാ പാര്‍ട്ടിയുടെ പിന്തുണയുള്ള പ്രകാശ് കാരാട്ടാകട്ടെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേ പോലെ എതിര്‍ക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇതായിരുന്നു കേരളത്തിലെ സിപിഎമ്മിന്റെ നിലപാടും. കേരളാ പാര്‍ട്ടിയുടെ ഈ നിലപാടിനെ പരസ്യമായി തള്ളുകയും അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ബിജെപി വിരുദ്ധ പ്ളാറ്റ്ഫോമിനോടൊപ്പം കൈകോര്‍ക്കുകയും ചെയ്ത നേതാവാണ് യെച്ചൂരി.
ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിമിനെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ടെങ്കിലും ആ സംസ്ഥാനത്ത് സിപിഎം നാമമാത്രമായി പോലും അവശേഷിക്കുന്നില്ലന്നതാണ് സത്യം. കോണ്‍ഗ്രസ് പിന്തുണയോടെ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടയാളാണ് മുഹമ്മദ് സലിം. സിപിഎം കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന് വാദിക്കുന്നയാളുമാണ്.അതുകൊണ്ട് അദ്ദേഹത്തെ കേരളത്തിലെ സിപിഎം എത്ര കണ്ട് ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ സംശയമാണ്. ചുരുക്കത്തില്‍ സിപിഎമ്മിനെ ദേശീയ തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരു നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെനഷ്ടമായതെന്ന് പറയാം. പ്രതിപക്ഷ നിരയിലെ എല്ലാ നേതാക്കളുമായിട്ടും യെച്ചൂരിക്ക് വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ഏതുവിഷയത്തിലും പ്രധാനമന്ത്രി മന്മോഹന് സിംഗും, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയും യെച്ചുരിയുടെ അഭിപ്രായം തേടുമായിരുന്നു.
2004 ല്‍ ആദ്യ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ധനകാര്യമന്ത്രി സ്ഥാനത്തേക്ക് വരെ സീതാറാം യെച്ചൂരിയെ പരിഗണിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം അനുകൂലമായ അഭിപ്രായം പറയാതിരുന്നത് കൊണ്ടാണ് അദ്ദേഹം ധനകാര്യമന്ത്രിയാകാതെ പോയത്.
രാഹുല്‍ ഗാന്ധി മുതല്‍ അഖിലേഷ് യാദവും എംകെ സ്റ്റാലിനും അടക്കമുളള പ്രതിപക്ഷ നേതൃനിരക്ക് എക്കാലവും പ്രിയപ്പെട്ടയാളായിരുന്നു സീതാറാം യെച്ചൂരി. പ്രതിപക്ഷ ഇന്ത്യാ മുന്നണിയുടെ ആശയപരമായ അടിത്തറ പോലുമിട്ടത് യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ കടുത്ത നിലപാട് മൂലമാണ് ഇന്ത്യാ സഖ്യത്തിന് പുറമേ നിന്നെങ്കിലും പിന്തുണ നല്‍കേണ്ട അവസ്ഥയിലേക്ക് സിപിഎം എത്തിയത്. കോണ്‍ഗ്രസിന് നല്കുന്ന ഏത് പിന്തുണയും ആത്മഹത്യാപരമാണെന്നായിരുന്നു കേരളത്തിലെ പാര്‍ട്ടിയുടെ പ്രത്യേകിച്ച് പിബിഅംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ ഒരു പരിധിവരെ അതിനെ ചെറുക്കാനും ഇന്ത്യ സഖ്യത്തിന് പിന്തുണ നല്‍കാനും യെച്ചൂരിയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
ഇന്ത്യയിലെ സിപിഎമ്മും- സിപിഐയും ഇടതുപാര്‍ട്ടികളും ചരിത്രപരമായ ഒരു ദശാ സന്ധിയിലൂടെ കടന്ന് പോവുകയാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും ചരിത്രപരമായ പ്രസക്തി ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചഘട്ടത്തിലാണ് സീതാറാം യെച്ചൂരിയെപോലെ സോഷ്യല്‍ ഡെമോക്രസിയിലും ജനാധിപത്യത്തിലും ഉറച്ച വിശ്വാസവും ബോധ്യവുമുളള ഒരു നേതാവ് ചരിത്രത്തിലേക്ക് മറയുന്നത്. ഇനി അങ്ങനെയുള്ള കമ്യൂണിസ്റ്റ് ഇടതു നേതാക്കള്‍ ഇന്ത്യയിലില്ല എന്നതാണ് യഥാര്‍ത്ഥ്യം. കേരളത്തിനപ്പുറത്തേക്കുള്ള സിപിഎമ്മിന്റെ രാഷ്ട്രീയം സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ അവസാനിച്ചുവെന്ന് പറയാം.