ഭോപ്പാൽ : പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രജ്ഞയുടെ പ്രതികരണം.
ആജ് തക് മാധ്യമപ്രവർത്തക ശ്വേത സിങ്ങുമായി നടത്തിയ സംവാദത്തിലാണ് പ്രജ്ഞ വികസന കാര്യങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറിയത്. ‘ഭോപ്പാൽ മണ്ഡലത്തിലെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് അഞ്ചു വർഷമാകുന്നു. മണ്ഡലത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്’ എന്നായിരുന്നു ശ്വേത സിങ്ങിന്റെ ചോദ്യം.
‘ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ഞാൻ ചെയ്ത കാര്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. കേന്ദ്ര നേതൃത്വം ഭോപ്പാലിൽ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഭോപ്പാലിന് പ്രധാനമന്ത്രി നൽകിയതിന്റെ പിന്തുണക്കാരിയാണ് ഞാൻ.’ എന്നായിരുന്നു അവരുടെ ഉത്തരം.
ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്നും പ്രജ്ഞ ആവര്‍ത്തിച്ചു. ഗോഡ്സെ ഒരു ഹിന്ദു തീവ്രവാദിയാണ് എങ്കിൽ അയാൾ എന്തിന് ഗാന്ധിയെ കൊല്ലണം എന്നാണ് അവർ ചോദിച്ചത്. നേരത്തെ, സമാനമായ പ്രതികരണത്തിൽ 2019ൽ അവർ മാപ്പു പറഞ്ഞിരുന്നു.
മലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂർ. ഈ കേസിന്റെ വിചാരണ നടപടികൾ മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. 2008 സെപ്തംബർ 29ന് രാത്രിയാണ് മലേഗാവിലെ ഭിക്കുചൗക്കിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ആദ്യം മുസ്ലിം യുവാക്കളെയാണ് പ്രതി ചേർത്തിരുന്നത്. എന്നാൽ പിന്നീട് തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ആണ് ആക്രമണത്തിന് പിന്നിൽ എന്ന് കണ്ടെത്തുകയായിരുന്നു.