കോൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കോൽക്കത്തയിലെ വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഷെയ്ഖ് നൂർ അലം എന്നയാളാണ് അറസ്റ്റിലായത്. ഒരു തോക്ക്, കത്തി എന്നിവയ്ക്ക് പുറമേ വിവിധ ഏജൻസികളുടെ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ പോലീസിന്റെ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. സ്പെഷൽ ബ്രാഞ്ച് അധികൃതർ അലമിനെ ചോദ്യം ചെയ്യുകയാണ്.