കൊച്ചി: ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാരാണ്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
പെൻഷൻ വിതരണം ഉറപ്പാക്കുന്ന കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്കു വേണ്ടി സെസ് പിരിക്കുന്നു എന്നു കരുതി അത് പെൻഷൻ പദ്ധതിയുടെ കീഴിൽ വരില്ല. 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി ഈയാഴ്ച വിതരണം ചെയ്യുന്നുണ്ട്. ക്ഷേമ പെൻഷൻ നൽകുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായമില്ല. മൂന്നു വിഭാഗങ്ങളിലായാണ് പെൻഷൻ നൽകുന്നത്. വർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിവയിൽ 1600 രൂപയാണ് നൽകുന്നത്. എന്നാൽ 80 വയസ്സു വരെയുള്ള വാർധക്യ പെൻഷന് 200 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്. 80 വയസ്സിനു മുകളിൽ ഉള്ളവർക്ക് 500 രൂപയും. 80 വയസ്സിൽ താഴെ പ്രായവും 80 ശതമാനത്തിൽ കുറവ് വൈകല്യവുമുള്ളവർക്കുള്ള പെൻഷനിൽ കേന്ദ്രം വിഹിതം നൽകുന്നില്ല. സമാനമായി വിവിധ പ്രായത്തിലുള്ളവർക്കും നൽകുന്നത് നേരിയ തുക മാത്രമാണ്.
40 വയസ്സില്‍ താഴെയുള്ള വിധവാ പെൻഷന് കേന്ദ്ര വിഹിതമില്ല. 40–80 പ്രായപരിധിയിൽ ഉള്ളവർക്ക് കേന്ദ്രം തരുന്നത് 300 രൂപയാണ്. 80 വയസ്സിനു മുകളിലുള്ള വിധവാ പെൻഷന് കേന്ദ്രം 500 രൂപയും നല്‍കുന്നുവെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഈ മൂന്നു പെൻഷനുകളും കൂടാതെ 3 ലക്ഷം കാർഷിക തൊഴിലാളികൾക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ള 76,000 അവിവാഹിതരായ സ്ത്രീകൾക്കും 1600 രൂപ വീതം മാസം പെൻഷൻ നൽകുന്നുണ്ട്. ഇവയ്ക്ക് കേന്ദ്ര സഹായമില്ല. ഇതെല്ലാം കൂടി 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നല്‍കുന്നത്. ഈ 5 വിഭാഗങ്ങളിലും കൂടി പെൻഷൻ നൽകാൻ മാത്രം മാസം 900 കോടി രൂപ ആവശ്യമാണ്. മറ്റ് 16 ക്ഷേമ പദ്ധതികൾക്കായി 90 കോടി രൂപയും ഓരോ മാസവും കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നും സർക്കാർ പറഞ്ഞു.
ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എല്ലാ മാസവും പെൻഷൻ മുടക്കമില്ലാതെ കൊടുക്കാൻ സര്‍ക്കാർ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാൽ സംസ്ഥാനം നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പലപ്പോഴും ക്ഷേമ പെൻഷൻ വിതരണത്തിൽ തടസ്സം നേരിടുന്നുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസമുണ്ടാകുന്നതും പെൻഷൻ വിതരണം മുടങ്ങാൻ കാരണമാണ്. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2023 തുടക്കം വരെയുള്ള 602.14 കോടി രൂപ 2023 ഒക്ടോബറിൽ മാത്രമാണ് കേന്ദ്രം നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും സെപ്റ്റംബർ വരെയുള്ള ക്ഷേമ പെൻഷൻ നൽകിയിരുന്നൂ എന്നും സർക്കാർ വ്യക്തമാക്കി.