തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.
ബജറ്റില്‍ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വര്‍ധിപ്പിച്ച് പെന്ഷന് തുക 1750 രൂപയാക്കണമെന്ന ശുപാര്‍ശ മന്ത്രിക്കു മുന്നിലുണ്ട്. വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി വിഹിതത്തില്‍ 10 ശതമാനം വര്‍ധന തീരുമാനിച്ചിട്ടുള്ളതിനാല്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുമെന്നുറപ്പ്.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ മുന്‍ഗണനയുണ്ടാകും. സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്നതിനാല്‍ ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതികളും അവതരിപ്പിക്കാനിടയുണ്ട്.