


തിരുവനന്തപുരം : ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ മറക്കുകയല്ല വേണ്ടത്, അവയിൽ നിന്ന് അനുഭവപാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് കുതിക്കാൻ കഴിയണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ IAS പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ജനിക്കുന്ന ശക്തി മുന്നോട്ടുള്ള ജീവിതത്തിനൊരു വറ്റാത്ത ഉറവയാകും. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മുണ്ടക്കൈയ്യിൽ നിന്ന് വിഴിഞ്ഞം തുറമുഖം സന്ദർശിച്ച വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു ഡോ.ദിവ്യ എസ്. അയ്യർ IAS.
മണൽത്തരിയോളം പോന്നൊരു മത്സ്യം കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്ന കഥ വിദ്യാർത്ഥികളുമായി ഡോ. ദിവ്യ പങ്കുവെച്ചു. പത്ത് വിദ്യാർത്ഥികളാണ് വയനാട്ടിൽ നിന്ന് വിഴിഞ്ഞത്തെത്തിയത്.കടലോളം സാധ്യതകൾ കൈക്കലാക്കി വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങിയ വിദ്യാർത്ഥികൾക്കിത് പ്രതിസന്ധികൾ ഏല്പിച്ച മുറിവുണക്കുന്ന വിസ്മയയാത്രയായി മാറി. മുഹമ്മദ് യാസിൻ, മുഹമ്മദ് അബിൻഷ, ശ്രീരാഗ്, ഷാഹിദ് പി. എ., ആദിൽ റഹ്മാൻ കെ. മുഹമ്മദ് ഇഷാഖ്, ഫാത്തിമ നൂറിഹ്, സുഹാന പി. പി., സന്‍ഹ ഫെറിൻ പി. പി., ഹിബ തസ്നി എന്നിവരാണ് വിഴിഞ്ഞം തുറമുഖം സന്ദർശിച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് നൽകുന്ന ലാപ്ടോപുകൾ ഈ വിദ്യാർത്ഥികൾ രാവിലെ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി.
