വയനാട്ടിൽ നടക്കുന്നത് വിഭവങ്ങൾ കവർന്നെടുക്കപ്പെട്ടവരും വിഭവങ്ങൾ കൈവശമുള്ളവരും തമ്മിലുള്ള യുദ്ധമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വന്യജീവി ആക്രമണം വർധിക്കുന്ന ഈ ഗുരുതരാവസ്ഥ യാദൃശ്ചികമല്ല. കേരളം മാറി മാറി ഭരിച്ച സർക്കാടറുകളും അവയ്ക്ക് നേതൃത്വം നൽകിയ പാർട്ടികളും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളുമാണ് ഉത്തരവാദികളെന്നും പ്രകൃതി സംരക്ഷണ സമിതി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മാവൂർ ഗ്വാളിയോർ റയൽസിനു വേണ്ടി 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വയനാടൻ മുളങ്കാളുകൾ വെട്ടിത്തുടങ്ങിയതാണ് എല്ലാത്തിന്റെയും തുടക്കം. അസംസ്കൃത പദാർത്ഥങ്ങൾ നൽകാനുള്ള കരാർ പാലിക്കാൻ വേണ്ടി സ്വാഭാവിക വനം വെട്ടി യൂക്കാലിപ്പറ്റസ് നടുകയും ചെയ്തു. ഇതോടെയാണ് ആനകളും മറ്റും കൃഷിയിടങ്ങളിൽ ഇറങ്ങാൻ തുടങ്ങിയത്. ഒരു ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള വയനാടൻ കാടുകളുടെ 36000 ഹെക്ടർ യൂക്കാലി തുടങ്ങിയ ഏക വിളത്തോട്ടങ്ങളാണിന്ന്.
1979 ൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അടക്കി വെട്ടിനെതിരെ കർഷക സമരം സംഘടിപ്പിച്ചതിനെ തുടർന്നാണ് വനനശികരണം സർക്കാർ നിർത്തിവെച്ചത്.അതിനിടെ അനാദിയും അമൂല്യവുമായ ഹരിത ശാദ്വലതകളും വിശാലമായ ചതുപ്പുകളും തണ്ണീരിടങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മുപ്പത് വർഷം മുൻപ് വരൾച്ചക്കാലത്ത് വെള്ളം തേടിയെത്തുന്ന ആനക്കൂട്ടങ്ങളിൽ നിന്നും കുടിവെള്ളം സംരക്ഷിക്കാൻ കിണറിന്നു മുകളിൽ കാവൽമാടം കെട്ടി കാവലിരുന്ന നൂൽപ്പുഴ പഞ്ചായത്തിലെ അരകുഞ്ചി എന്ന ഗ്രാമത്തിലെ ആദിമ നിവാസികൾ ഒരു സൂചനയായിരുന്നു.
വനത്തിനുള്ളിലും വനയോരങ്ങളിലും ആനത്താരകളിലും യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും എല്ലാ മാനദണ്ഡവും ലംഘിച്ചു കൊണ്ടുള്ള വനംവകുപ്പിൻ്റെ ഇക്കോ ടൂറിസവും കന്നുകാലിമേയ്ക്കലും അധിനിവേശ സസ്യങ്ങളും കാട്ടുതീയും ചേർന്ന് വന്യജീവി ആവാസവ്യവസ്ഥകൾ നശിപ്പിച്ചതിൻ്റെ പരിണിത ഫലമാണ് വയനാട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വയനാടൻ കാടുകളുടെ ആവാസ വ്യവസ്ഥകൾ പുനരുജ്ജീവിപ്പിക്കണമെന്ന പരിസ്ഥിതി പ്രവർത്തകളുടെ പതിറ്റാണ്ടുകളായുള്ള നിരന്തരമായ മുറവിളി ഭരണാധികാരികൾ ചെവിക്കൊണ്ടില്ല.
വന്യജീവികൾ കർഷകരെ കൊല്ലുമ്പോൾ എം എൽ എ മാരും രാഷ്ട്രീയ നേതാക്കളും ഓടിയെത്തി ജനക്കൂട്ടത്തെ നയിക്കുകയും സുഖിപ്പിക്കുകയും വനം ജീവനക്കാരെ ബന്ധികളാക്കുകയും ചെയ്യുന്നതിന്നപ്പുറം പ്രശ്നം ശാശ്വതമായി പരിഹരിക്കാൽ ഒരു ശ്രമവും നടത്തിയിട്ടില്ല. ഉന്നത വനം വകുപ്പുദ്യോഗസ്ഥർ ദന്തഗോപുരങ്ങളിൽ തന്നെ അടയിരിക്കുകയാണ്. സമീപവർഷങ്ങളിൽ യുദ്ധസമാനമായ അന്തരീക്ഷം സംജാതമായിട്ടും വനംമന്ത്രിയോ ഉന്നത ഫോറസ്റ്റുദ്യോഗസ്ഥരോ അനങ്ങിയിട്ടില്ല. നിലവിലെ സർക്കാറിന്ന് വനവും വന്യജീവികവും ഒരു ബാദ്ധ്യതയാണ്. വനം – വന്യജീവി – പരിസ്ഥിതി സംരക്ഷണം ആഢംബരമാണണന്നാണ് അവരുടെ മതം! വനംമന്ത്രി ഒന്നുമറിയാതെ സുഖനിദ്രയിലാണ്.
സമീപ ദിവസങ്ങളിൽ മാനന്തവാടിയിലും പരിസരത്തുമുണ്ടായ ദൗർഭാഗ്യ സംഭവങ്ങളിൽ കേരള വനംവകുപ്പിനൊപ്പം കർണാടക വനം വകുപ്പും ഉത്തരവാദികളാണ്. നേരത്തേ വിവരം അറിഞ്ഞിട്ടും മതിയായ സന്നാഹങ്ങൾ നടത്താതിൻ്റ കാരണം വനംവകുപ്പ് വെളിപ്പെടുത്തണം. റവന്യൂ അധികൃതരം പൊലീസും ദുരന്തനിവാരണ സംവിധാനവും എന്തു ചെയ്യുകയായിരുന്നു എന്ന് സർക്കാർ വ്യക്തമാക്കണം. കേരള ഗ്രാമങ്ങൾക്ക് സമീപമാണ് ഹാസനിൽ നിന്നും പിടികൂടിയ ആനകളെ വിട്ടയച്ചത്. ഹാസൻ , ചിക്ക് മംഗളൂർ ,സകലേസ്പുര പ്രദേശത്ത് കർണ്ണാടക രാഷ്ട്രീയ നേതാക്കൾക്ക് വൻ എസെറ്ററുകൾ ഉണ്ട്. എസ്റ്റേറ്റുകളിൽ പ്രശ്നമുണ്ടാക്കുന്ന ആനകളെ കർണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്തി പിടികൂടി കൊണ്ടിരിക്കയാണ്.
ഓപ്പറേഷൻ ജമ്പോ പരിപാടി അനുസരിച്ച് പിടികൂടിയ 9 ആനകളിൽ രണ്ടെണ്ണത്തെയാണ് കേരള അതിർത്തിയിൽ തുറന്നു വിട്ടത്. ബാക്കി ഏഴെണ്ണം നാഗർഹൊള്ളയിൽ ഉണ്ട്. റേഡിയോ കോളർ ഘടിപ്പിച്ചതൊഴിച്ചാൽ മതിയായ നിരീക്ഷണമോ പിൻതുടരാൻ വാച്ചർമാരെയോ നിയമിച്ചിരുന്നില്ല . റേഡിയോ കോളർ ഘടിപ്പിക്കുന്നത് ആനയെ നിരന്തരം പിൻതുടരുന്നതിന്നും നിരീക്ഷിക്കുന്നതിനും മതിയയായ മുന്നറിയിപ്പ് ജനങ്ങള്ക്ക് നൽകുന്നതിന്നും വേണ്ടിയാണ്.കർണ്ണാടക വനംവകുപ്പ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഇതിനെതിരെ കേരളം കോടതിയിൽ കേസുകൊടുക്കാനുള്ള ആർജ്ജവം കാണിക്കണം.
മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനങ്ങളിലെ പ്രശ്നങ്ങൾ ഏകോപ്പിക്കുന്നതിനായി നിലവിൽ ഒരു സംവിധാനവുമില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കീഴിൽ ഒരു സ്റ്റാറ്റ്യൂട്ടറിബോഡി രൂപീകരിക്കാൻ അമാന്തിച്ചു കൂടാ.വന്യജീവികളിൽ നിന്നുണ്ടാകുന്ന നഷ്ട പരിഹാരം കർഷകരെ പരിഹസിക്കുംവിധം നാമമാത്രമാണ്. അഞ്ചും ആറും വർഷം കൂടുമ്പോളാണ് ഇതു നൽകുന്നത്. ഇന്നത്തെ നഷ്ടപരിഹാരത്തുക അഞ്ചിരട്ടിയെങ്കിലുമായി വർദ്ധിപ്പിക്കാൻ സർക്കാർ തെയ്യാറായേ തീരൂ. ഏതു യുദ്ധത്തിലും കൂടുതൽ ശക്തനേ ജയിക്കൂ.മനുഷ്യൻ അതിശക്തനാണ്. പക്ഷെ, പ്രകൃതിയുമായുള്ള യുദ്ധത്തിൽ മനുഷ്യനടക്കമുള്ള ഒരു ജീവിയും അതിജീവിക്കില്ല എന്നു തീർച്ച- വയനാട് പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കി.