വയനാട്:വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 54 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടില്‍ 43 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്.
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്.