ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും. 2000 കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നല്കിയ മോദി, സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചത്.