കൊച്ചി : വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് നല്കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ പാടില്ലെന്നു വ്യക്തമാക്കി ഇടക്കാല ഉത്തരവ് ഇറക്കാന്‍ കോടതി വിസമ്മതിക്കുകയും ചെയ്യും. കേസ് വീണ്ടും മാര്‍ച്ച് 13ന് പരിഗണിക്കും.
ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരമായി പണം നല്‍കണമെന്ന ഹാരിസണിന്റെ വാദത്തിലും ഡിവിഷന് ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഹാരിസണിന്റെ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്കു നല്കിയാല് തിരിച്ചുപിടിക്കാന്‍ പ്രയാസമാകുമെന്നു കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പുനരധിവാസ വിഷയത്തില്‍ പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, നിയമ പ്രശ്നത്തില്‍ വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാത്രമായിരിക്കും ടൗണ്‍ഷിപ്പ് നിര്‍മിക്കുക എന്ന മന്ത്രിസഭാ തീരുമാനവും കോടതിയില്‍ വാദത്തിനിടെ ഉയര്‍ന്നു. രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതിന് ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.