കൊച്ചി : മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിര ആയവരെ പുനരധിവസിപ്പിക്കാൻ 2 എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ അനുമതി നൽകി ഈ മാസം 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുളള പരാമർശങ്ങളാണ് വിധിയിലുളളത്. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ഏറ്റെടുക്കാനുളള സർക്കാർ തീരുമാനം ഹൈകോടതി ശരിവെയ്ക്കുന്നുണ്ട്.
എന്നാൽ ഡി.എം.ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് മുൻകൂർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരും എസ്റ്റേറ്റ് ഉടമകളും തമ്മിൽ ഇപ്പോൾ തന്നെ കേസുണ്ട്. കേസിൽപ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോൾ കോടതിയിൽ പണം കെട്ടിവെയ്ക്കുന്നതാണ് നിലവിലുളള കീഴ് വഴക്കം.എന്നാൽ കേസിൽ തീർപ്പ് വരുന്നതിന് മുൻപ് തന്നെ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഇതിനൊപ്പം ഉടമകളുമായി ബോണ്ട് ഒപ്പിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിൽ
ബോണ്ട് ഒപ്പിടുന്ന രീതിയില്ല. ഇതാണ് ആശയ കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്.