കല്‍പ്പറ്റ : വയനാട് പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടും. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ചുമതല നല്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുവെടി വെക്കാനുള്ള നടപടികള്‍ നാളെ തുടങ്ങും.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നടപടി. വനംവകുപ്പിന്റെ കെണിയില്‍ വീഴാതിരുന്ന കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ടിട്ടുണ്ട്.
രണ്ടുമാസമായി പനവല്ലിയിലെ നാട്ടുകാര്‍ കടുവ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം പനവല്ലി പുഴക്കര കോളനിയിലെ ഒരു വീടിനകത്തേക്ക് രാത്രി എട്ടുമണിയോടെ കടുവ ഓടിക്കയറിയിരുന്നു. ഗൃഹനാഥനും വീട്ടമ്മയും വരാന്തയില്‍ ഇരിക്കുമ്പോഴായിരുന്നു കടുവ വീട്ടിനകത്തു കയറിയത്.