മേപ്പാടി: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.
താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഉച്ചയ്ക്ക് തുടങ്ങും. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന് പറഞ്ഞു.85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക, ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ മാറി നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നുണ്ടെന്നും, പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഉരുൾപൊട്ടലുണ്ടായി ഏകദേശം 13 മണിക്കൂറുകൾക്കുശേഷമാണ് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായത്. താൽക്കാലികമായി ചെറിയ പാലം നിർമിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. ബലമുള്ള പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകും.
നിലമ്പൂരിലെ ചാലിയാർ പുഴയിലും തിരച്ചിൽ തുടരും. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു.
അതേസമയം, ദുരന്തസ്ഥലം കാണാനെത്തുന്നവരുടെ തിരക്കേറുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാർ വയനാട്ടുകാരന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കരുതണം. താമരശേരി ചുരം രണ്ടാം വളവിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല.