തിരുവനന്തപുരം : വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന നോ-ഗോ സോണിന് പുറത്തെ വീടുകളെ ഉള്‍പ്പെടുത്തി കരട് ഫേസ് 2 ബി ലിസ്റ്റ് തയ്യാറാക്കും. നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ടായിരിക്കും 2 ബി ലിസ്റ്റ് തയ്യാറാക്കുക.
20 ലക്ഷം രൂപയാണ് പുനരധിവാസ പദ്ധതിയുടെ നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള സ്പോണ്‍സര്‍ഷിപ്പ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കും. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ലെന്നും നിബന്ധനയും മന്ത്രിസഭായോഗം അംഗീകരിച്ചു.
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ആ ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
വയനാട് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുവാന്‍ ആഗ്രഹിക്കുന്ന ഉരുള്‍പൊട്ടല്‍ ബാധിത കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുക. ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി ഇത് ക്രമീകരിക്കും.
ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി പതിച്ച് നല്‍കുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ല. റസിഡന്‍ഷ്യല്‍ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരില്‍ അനുവദിക്കും. 12 വര്‍ഷത്തിന് മുന്‍പ് ഭൂമിയും വീടും, ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളില്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത പ്രത്യേകം പരിശോധിച്ച് തീരുമാനിക്കും.
ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കും.
ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സിഎസ്ആര്‍. ഫണ്ടില്‍ നിന്നും നല്‍കാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നല്‍കാനും തീരുമാനിച്ചു.