വയനാട് : മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 156 ആയി . രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുവീടുകളിൽ നിന്നായി 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കൽ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.മുണ്ടക്കൈയിൽ മാത്രം 400 അധികം വീടുകൾ പഞ്ചായത്തിന്റെ രജിസ്റ്ററിൽ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതിൽ 35-40 വീടുകൾ മാത്രമേ ബാക്കിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. നിരവധി മൃതദേഹങ്ങൾ മണ്ണിനടയിൽ ഉണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. വീടുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോയതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കാല് കുത്തിയാൽ കുഴിഞ്ഞ് താഴേക്ക് പോകുന്ന അവസ്ഥയാണ്. റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള ആളുകളെ പുറത്തെടുക്കാൻ.
19 പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തു. മരിച്ചവരിൽ മൂന്ന് നേപ്പാൾ സ്വദേശികളുമുണ്ട്. രക്ഷാപ്രവർത്തനം ഒരു വശത്ത് നടക്കുമ്പോൾ മറുഭാഗത്ത് സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാൻ, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബർസ്ഥാൻ, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ർ സ്ഥാൻ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്.
നിലമ്പൂരിലെ ചാലിയാർ പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിക്കും. ഇന്നലെ രാത്രി നിർത്തിയ രക്ഷാപ്രവർത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.