കല്‍പ്പറ്റ : വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധികരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ എല്ലാവരേയും പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ദുരന്തഭൂമിയായ ചൂരല്‍മലയില്‍ കുടില്‍കെട്ടി സമരം നടത്താനായിരുന്നു പ്രതിഷേധക്കാരുടെ നീക്കം.
പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണവും വീടുകളുടെ എണ്ണവും പലതവണയായി കുറച്ചെന്നുമാണ് സമരക്കാരുടെ ആരോപണം. അഞ്ച് സെന്റ് സ്ഥലം പര്യാപ്തമല്ല, കുടുംബത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ജോലി നല്‍കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പുനരധിവസിപ്പിക്കേണ്ട ദുരിതബാധിതരുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. 81 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്.
ജനശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ സമരക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പൊലിസ് ബെയ്ലി പാലത്തിന് സമീപം വച്ച് തടഞ്ഞതാണ് ബലപ്രയോഗത്തില്‍ കലാശിച്ചത്. രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു പ്രതിഷേധക്കാര്‍ ദുരന്തഭൂമിക്ക് സമീപം കുടില്‍കെട്ടി സമയം ആരംഭിച്ചത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശത്തേക്ക് കടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലിസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു. സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും അടുത്ത ഘട്ടമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടികയുള്‍പ്പെടെ 323 കുടുംബങ്ങളാണ് പുനരധിവാസ പട്ടികയില്‍ ഉള്ളത്. ഒന്നാംഘട്ട പട്ടികയില്‍ 242 പേരായിരുന്നു ഉള്‍പ്പെട്ടത്.