വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ഈ മാസം 21 മുതൽ ആരംഭിക്കും. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്താനാണ് തീരുമാനം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ഫോർട്ട് കൊച്ചിയിലേക്ക് എത്തിച്ചേരാൻ വാട്ടർ മെട്രോ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
വാട്ടർ മെട്രോ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പുതിയ സർവീസ് തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് കൊച്ചി വാട്ടർ മെട്രോ ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി പ്രവർത്തനം ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.