കൊച്ചി: ആശങ്കൾ കാറ്റിൽ പറത്തി കൊച്ചിയിൽ വാട്ടർ മെട്രോയും വമ്പൻ ഹിറ്റ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് പതിനേഴര ലക്ഷം യാത്രക്കാരാണ്. മൂന്ന് റൂട്ടുകളിലായാണ് ഈ നേട്ടം. നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടുകളിൽ കൂടി സർവീസ് നടത്തും.
പുതിയ ടെർമിനലുകളായ ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവ മുഖ്യമന്ത്രി ഇന്ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയാണ് രണ്ടാമത്തെ റൂട്ട്. ഞായറാഴ്ച്ച രാവിലെ മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
ഹൈക്കോര്‍ട്ട് ജംഗ്ഷന്-വൈപ്പിന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് നിലവില്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്. ഇനി 9 ടെര്‍മിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് വ്യാപിക്കും. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുകയാണ് ലക്ഷ്യം.