കൊച്ചി : മഴ കനത്തതോടെ കേരളത്തിലെ പുഴകളിലെ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ് . ജലനിരപ്പുയർന്നതോടെ തൊടുപുഴയിൽ മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 5 ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 10 സെന്റിമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നു ജില്ലാഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ജൂലൈ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് ഈ ദിവസങ്ങളിലെ പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.