മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെസുധാകരന് നടത്തിയ ‘ അവന്’ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന് പരസ്യമായി തള്ളിയത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന് സുധാകരപക്ഷക്കാര്‍ ആരോപിച്ചതോടെ ഇരുനേതാക്കള്ക്കിടയിലെ അകലം കൂടുതല്‍ വര്‍ധിക്കുകയാണ്. പിണറായിക്കെതിരെ വിമര്‍ശനം തൊടുക്കുന്നതില്‍ പ്രതിപക്ഷനേതാവ് മൃദു സ്വഭാവം കാണിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ പലര്‍ക്കമുണ്ട്. എന്നാല്‍ കെ സുധാകരനാകട്ടെ വളരെ നിശിതമായ വിമര്‍ശനങ്ങളാണ് പിണറായിക്കെതിരെ നിരന്തരം തൊടുക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശവും ഉണ്ടാക്കുന്നുണ്ട്. അപ്പോഴാണ് കെസുധാകരന് മുഖ്യമന്ത്രിയെ അവന് എന്ന് വിളിച്ചതിനോട് താന്‍ യോജിക്കുന്നില്ലന്ന് വിഡിസതീശന്‍ നിയമസഭയില്‍ തുറന്ന് പറഞ്ഞത്.കെപിസിസി അധ്യക്ഷന്‍ പറഞ്ഞത് ശരിയായില്ലന്ന് നിയമസഭാ കക്ഷി നേതാവ് പരസ്യമായി പറയുന്നത്, അതും നിയമസഭയില്‍ വച്ച് പറയുന്നത് അപൂര്‍വ്വ സംഭവമാണ്. ഇത് സുധാകരനെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് പിണറായിക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശനം തുടരുവാനാണ് സുധാകരന്റെ പരിപാടി.
പിണറായിക്കെതിരായ തന്റെ പ്രസ്താവനയെ സതീശന് പരസ്യമായി തള്ളിയശേഷവും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കെസുധാകരന് വീണ്ടും രംഗത്തുവന്നു. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്ഭൂതമെന്നാണ് പിണറായിയെന്നാണ് കെസുധാകരന് തൊട്ടടുത്ത ദിവസം പറഞ്ഞത്. എവിടെയാണോ വിഡി സതീശന് വീഴ്ചപറ്റുന്നത് അതു വഴി തുരന്ന് കയറാനുള്ള തന്ത്രമാണ് കെ സുധാകരന്റേത്. കോണ്‍ഗ്രസില്‍ നിന്നും മാത്യു കുഴല്‍നാടനും, കെ സുധാകരനും അല്ലാതെ മറ്റാരും പിണറായിക്കെതിരെ ശക്തമായ പ്രസ്താവനകള്‍ നടത്തുന്നില്ലന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. വരുന്ന രണ്ടുമാസത്തിനുള്ളില്‍ കെപിസിസി- ഡിസിസി തലങ്ങളില്‍ സമഗ്രമായ പുനസംഘടന നടക്കുകയാണ്. അപ്പോള്‍ ഇവര്‍ തമ്മിലുളള തര്‍ക്കം അതിരൂക്ഷമാകുമെന്ന കാര്യം ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം കെ സുധാകരനെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം പുനസംഘടനയില്‍ കാര്യമായി കൈകടത്തുമെന്ന് തന്നെയാണ് വിഡി സതീശന് പക്ഷം കരുതുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തെയ്യാറെടുക്കുകയാണ്.ഇതിനായി വരുന്ന മാസം 15, 16 തീയതികളില്‍ വയനാട് വച്ച് ലീഡേഴ്സ് കോണ്‍ക്ളേവ് എന്ന പേരില്‍ എന്ന പേരില്‍ നടക്കുന്ന ഈ പരിപാടിയില്‍ എഐസിസി നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്‍മ്മാര്‍, പോഷക സംഘടന സംസ്ഥാന അധ്യക്ഷന്മാര്, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. ഈ സമ്മേളനത്തിലായിരിക്കും വയനാട് അടക്കമുള്ള മൂന്ന് ഉപതെരഞ്ഞെടുപ്പുകളുടെയും 2025 അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടെയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഇതിന് ശേഷം സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് അവിടെയും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ ഉണ്ടാകും. അതാത് ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായിരിക്കും ഈ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
വിഡിസതീശനുമായി പിണങ്ങി നില്ക്കുന്ന രമേശ് ചെന്നിത്തല കെ സുധാകരനുമായി കൈകോര്‍ക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്കാതിരുന്നതില് കടുത്ത എതിര്‍പ്പാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. അതേ തുടര്‍ന്ന് കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന യുഡിഎഫ് നേതാക്കളുടെ അത്താഴവിരുന്നില്‍ നിന്നു അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. കെ സുധാകരനും രമേശ് ചെന്നിത്തലയുമായി കൈകോര്‍ത്താല്‍ സതീശനോട് താല്പര്യമില്ലാത്ത ഏകെ ആന്റെണിയുടെ പിന്തുണയും അതിനുണ്ടാകുമെന്നതാണ് സതീശന് വിഭാഗത്തെ അലോസരപ്പെടുത്തുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനം കൈമാറാതിരുന്ന വിഷയത്തില്‍ എകെ ആന്റെണി ഇടപെടുകയും അങ്ങിനെ കെ സുധാകരന് പിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടുകയുമുണ്ടായി. മല്ലികാര്‍ജ്ജുന ഖാര്‍ഗെയോട് കടുത്ത ഭാഷയില്‍ ഏകെ ആന്റെണി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എംഎം ഹസനോട് പ്രസിഡന്റ് പദവി സുധാകരന് ഉടന്‍ കൈമാറാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്.
വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനം തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തെ കാര്യമായി എടുക്കേണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അത് വലിയൊരു പ്രശ്്നമായി നിലനില്‍ക്കുകയാണ്. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയം കണക്കിലെടുത്താണ് വോട്ടുകള്‍ കോണ്ഗ്രസിലേക്കൊഴുകിയത്. എന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ അങ്ങനയല്ലന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.