ന്യൂഡൽഹി: വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. ബില്ലിനെ ഇൻഡ്യാ സഖ്യം ഒറ്റക്കെട്ടായി എതിർത്തു. വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
മുസ്ലിം അംഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ. സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്ലിം വ്യക്തിയുണ്ടോയെന്ന കെ.സി വേണുഗോപാലിന്റെ ചോദ്യം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. ‘ഇപ്പോൾ വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. നാളെ ക്രിസ്ത്യൻ, ജെയിൻ വിഭാഗത്തിലും ഇങ്ങനെ ചെയ്യും. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും ബിജെപി പാഠം പഠിച്ചില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ട് എസ്.പി എംപി മോഹിബുള്ളയും രംഗത്തുവന്നു. ജനങ്ങളെ വിഭജിക്കലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർത്ത് നിരവധി പ്രതിപക്ഷാംഗങ്ങളും രംഗത്തെത്തി.
ബില്ലിനെ എതിർക്കുന്ന ഇന്ത്യാ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. ബില്ലിനെ എതിർത്ത സമാജ്വാദി പാർട്ടി മുസ്ലിംകളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാൻ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും പ്രസ്താവിച്ചു. ബിൽ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഡിഎംകെയും അറിയിച്ചു. വഖഫ് ബോര്‍ഡുകളില്‍ 2 മുസ്ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണു ബില്ലിൽ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 1923 ലെ മുസല്മാന് വഖഫ് ആക്ട് പിന്‍വലിക്കാന്‍ മറ്റൊരു ബില്ലും അവതരിപ്പിക്കും.