പാലക്കാട്: കോണ്‍ഗ്രസ് നേതാവും എംപിയുമായ വി.കെ. ശ്രീകണ്ഠനായി പാലക്കാട് ചുവരെഴുത്ത്. ഒലവക്കോട് റെയിൽവേ കോളനിയിലാണ് ചുവരെഴുത്ത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം അടക്കമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പുതുപ്പരിയാരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സ്ഥാനാർഥിപ്രഖ്യാപനത്തിന് മുന്നേ പ്രചരണവുമായി രംഗത്തെത്തിയത്.
പാലക്കാട് ശ്രീകണ്ഠൻ തന്നെ സ്ഥാനാർഥിയാകുമെന്ന് പല നേതാക്കളിൽനിന്നും സൂചന ലഭിച്ചതായാണ് മണ്ഡലം കമ്മിറ്റി അറിയിച്ചത്. ആദ്യം തന്നെ പ്രചരണ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് ചുവരെഴുത്ത് നടത്തിയതെന്ന് പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ ചുവരെഴുത്തിനെ തള്ളി വി.കെ. ശ്രീകണ്ഠൻ രംഗത്തെത്തി. ചുവരെഴുത്ത് തന്റെ അറിവോടെയല്ലെന്ന് എംപി വ്യക്തമാക്കി. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രചരണം ആരംഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃശൂരിന് പുറമേ പാലക്കാടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.