തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ വേതന പരിഷ്കരണത്തിനുള്ള കമ്മിറ്റിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മിറ്റിയുടെ ചുമതല വഹിക്കുകയെന്നും ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ നടത്തിയ മൂന്ന് യോഗത്തിലും മറ്റ് രണ്ടുയോഗത്തിലും സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വേതന പരിഷ്കരണത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നത് കമ്മിറ്റിയിലെടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി മുന്നോട്ടുപോകും. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പിന് പുറമെ ധനകാര്യവകുപ്പിന്റെയും തൊഴില്‍വകുപ്പിന്റെയും പ്രതിനിധികളുണ്ടാകും. തൊഴില്‍ വകുപ്പ് മന്ത്രിയെ കണ്ട് അവര്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ല’ വീണാ ജോര്‍ജ്
ആശമാരുമായി ഇനി ചര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഞാന്‍ എപ്പോഴും പറയുന്നതുപോലെ അതിന് ഒരു മുന്‍വിധിയുമില്ലെന്നായിരുന്നു. ആശവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനവകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ആശ വര്‍ക്കര്‍മാരുടെ നിലപാട്.