കോഴിക്കോട്: കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ‘‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം’’–രമ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണം ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരാതി നല്കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും രമ കൂട്ടിച്ചേര്‍ത്തു. ശൈലജയ്ക്കെതിരെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു നേതാക്കന്മാരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥനാര്‍ഥിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്യുന്നതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് രമ പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ടീച്ചര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും യുഡിഎഫ് വനിതാ എംഎല്‍എമാരായ കെകെ രമയും ഉമ തോമസും വ്യക്തമാക്കി.
സൈബർ ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ ഇന്നലെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ പൊലീസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സാപ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.