ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പ് വടകരയില്‍ ആര്‍എംപി-സിപിഎം ഏറ്റുമുട്ടലുകൾ രൂക്ഷമായിരുന്നു. സിപിഎമ്മിന് ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം രക്തസാക്ഷിദിനാചരണം നടത്താന്‍ കഴിയാതെ പോയതും ആര്‍എംപിക്കുണ്ടായ വലിയ ജനപിന്തുണകൊണ്ടായിരുന്നു. ആര്‍എസ്എസിന് പോലും സാധിക്കാത്തവിധം സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ മേല്‍ക്കൈ നേടാനും ആര്‍എംപിക്ക് കഴിഞ്ഞിരുന്നു. ഇതോടെയാണ് ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് സിപിഎം നീങ്ങിയതെന്നാണ് അക്കാലത്ത് പറഞ്ഞ് കേട്ടിരുന്നത്.ആര്‍എംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ ബോംബാക്രമണമുണ്ടായെന്ന വാര്‍ത്ത ചാനലുകളില്‍ നിറഞ്ഞപ്പോള്‍ വടകര വീണ്ടും പഴയ കലാപ നാളുകളിലേക്ക് തിരിച്ചുപോവുകയാണോ എന്ന സംശയമാണുയർന്നത്. ഇന്ന് വീണ്ടും സംഘർഷസ്ഥലത്തു ബോംബ് പൊട്ടുകയും ചെയ്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന്റെ കുന്തമുന ആര്‍എംപി -മുസ്ലീംലീഗ് പ്രവര്‍ത്തകരായിരുന്നു. പ്രചാരണരംഗത്ത് ഇവരോട് മുട്ടി നിൽക്കാൻ കഴിയാതെ പോയത് വലിയൊരു തിരിച്ചടിയായിട്ട് തന്നെയാണ് സിപിഎം കരുതുന്നത്. കെ മുരളീധരനെ ഉദ്ദേശിച്ച് വച്ചത് ഷാഫിക്ക് കൊള്ളില്ലെന്നറിയാന് സിപിഎമ്മിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് ശേഷം വടകര സാക്ഷ്യം വഹിക്കുന്നത് ഒരുതരം ഗോത്രീയമായ പടയൊരുക്കങ്ങള്ക്കാണ്. വര്‍ഗീയതക്കെതിരെ എന്ന പേരില്‍ സിപിഎം നടത്തിയ സമ്മേളനത്തില്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്ന പ്രസംഗങ്ങളും പ്രയോഗങ്ങളുമല്ല ഉയര്‍ന്ന് കേട്ടത്. ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എഎ റഹിം വിളിച്ചത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം എന്നാണ്. അതിനെതിരെ യുഡിഎഫ് നടത്തിയ പൊതുസമ്മേളനത്തിലാണ് ആര്‍എംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധപരാമര്‍ശം ഉണ്ടായത്. ആര്‍എംപിക്കും കോണ്‍ഗ്രസിനും ആ പരാമർശത്തെ പരസ്യമായി തള്ളിക്കളയേണ്ടി വന്നു.
വടകര വരും നാളുകളിലെ കേരളരാഷ്ട്രീയത്തിന്റെ ദിശാസൂചികയാവുകയാണെങ്കില് അത് അപകടകരം തന്നെയാണെന്ന് പറയേണ്ടി വരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും കാണാത്ത വിധത്തിലുള്ള മതപരമായ വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങളും പ്രസംഗങ്ങളും വടകരയില്‍ അരങ്ങുതകര്‍ക്കുകയാണ്. സിപിഎം പ്രതീക്ഷിച്ച പോലുള്ള മുന്നേറ്റം വടകരയിലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മുസ്ളീം ന്യുനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന ഭീതി അവരെ വേട്ടയാടുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് വടകരയിലെ രാഷ്ട്രീയം മാറിമറിഞ്ഞത്. ആര്‍എംപി പ്രാദേശികമായി പിടിമുറുക്കുന്നതും വടകര ലോക്സഭാ നിയമസഭാ മണ്ഡലങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭീതിയുമാണ് സിപിഎമ്മിനെ ഇത്തരം നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. എന്നാൽ ഷാഫി പറമ്പിലിനെ മുന്‍നിര്‍ത്തി കെകെ ശൈലജക്കെതിരേ മുസ്ളീംലീഗ് നടത്തിയത് മതാധിഷ്ഠിതമായ പ്രചരണമായിരുന്നുവെന്നും ആര്‍എംപി അതിന് പിന്തുണ നല്‍കിയെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി നിര്‍ത്തി ആര്‍എംപി-ലീഗ് സഖ്യമാണ് വടകരയിലെ ഷാഫിയുടെ പ്രചാരണം ഏറ്റെടുത്തതെന്നാണ് സിപിഎം പറയുന്നത്.
ഒരു കാലത്ത് ലീഗ്-സിപിഎം സംഘര്‍ഷങ്ങളാൽ കലുഷിതമായിരുന്നു വടകര നാദാപുരം പ്രദേശങ്ങൾ. പിന്നീടത് സിപിഎം- ആര്‍എംപി വൈരമായി മാറി. അവസാനമത് ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിക്കുകയും ചെയ്തു. ടിപിയുടെ വിധവ കെകെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഎം പ്രതീക്ഷിച്ചുമില്ല. രമ വടകരയിൽ ജയിച്ചതോടെ പാര്‍ട്ടിക്ക് ഇരിക്കപ്പൊറുതിയില്ലാതെയുമായി. കെകെ ശൈലജ മല്‍സരിക്കാനെത്തിയതോടെ ആര്‍എംപിയുടെ ആധിപത്യം തകര്‍ക്കാമെന്ന് സിപിഎം കരുതി. 2009ല്‍ ടിപി ചന്ദ്രശേഖരന് വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടിയിരുന്നു. അതാണ് സിപിഎം നേതാവ് സതീദേവിയുടെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. ആര്‍എംപി രൂപീകരണത്തിന് ശേഷം വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജയിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുമില്ല. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് ഇത്തവണ കെകെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഉദ്ദേശിച്ച ഫലം ഉണ്ടായതുമില്ല.
വടകര പഴയ സംഘര്‍ഷഭരിതമായ നാളുകളിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ അത് വലിയൊരു സാമൂഹ്യപ്രശ്നമായി മാറും. രണ്ട് മുന്നണികളും രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ബോംബ് ഉണ്ടാക്കുമ്പോൾ അത് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ പാനൂരില്‍ മരിച്ചത്. ആര്‍എംപി നേതാവ് ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണത്തെ ഇതുമായി ചേര്‍ത്തുവായിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പറയേണ്ടി വരും.