കോഴിക്കോട് : ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച് ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ. തങ്ങൾ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഹർത്താലിൽ നിന്ന് പിന്മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
നാളെ (ഞായർ) രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി.
ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന് എംപി ആരോപിച്ചു.തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.