തൃശൂർ: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്ന് എല്ലാവർക്കുമറിയാമെന്നും സർക്കാരിന് മേൽ സമ്മർദം ചെലുത്തേണ്ട ആവശ്യം സിപിഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരായ നടപടിയിലൂടെ ചിലവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായെന്നും സുനിൽകുമാർ പറഞ്ഞു.
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ പറ്റി വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സിപിഐ പറഞ്ഞതാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് യോജിക്കാൻ പറ്റാത്ത നിലപാടാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണിതെന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു.