മലപ്പുറം : പി വി അന്‍വറിന്റെ അതൃപ്തി യുഡിഎഫ് ഉന്നത നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. അന്‍വറിന്റെ രാഷ്ട്രീയ നിലപാട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അന്‍വര്‍ പിണറായിസത്തിന് എതിരായ പടയോട്ടത്തിന് നേതൃത്വം നല്‍കേണ്ട വ്യക്തിയാണ്. മൂന്നാമൂഴമെന്ന പിണറായിയുടെ സ്വപ്നത്തിന് തിരിച്ചടി നല്‍കാനുള്ള തെരഞ്ഞെടുപ്പാണ്. യുഡിഎഫ് പ്രചാരണത്തില്‍ അന്‍വര്‍ സജീവമായി ഉണ്ടാകണമെന്നും വി എസ് ജോയ് അഭിപ്രായപ്പെട്ടു.
ആര്യാടന് മുഹമ്മദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനൊപ്പം വി എസ് ജോയിയുമുണ്ടായിരുന്നു. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണെന്ന് വി എസ് ജോയ് പറഞ്ഞു. മലബാറിന്റെയും മലപ്പുറത്തിന്റെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്ന, എല്ലാമെല്ലാമായിരുന്ന ആര്യാടന് മുഹമ്മദ് സാറിന്റെ ഖബറിടത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്ന് വി എസ് ജോയ് പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വി എസ് ജോയ് പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിന് ജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമുണ്ട്. കൈവിട്ടുപോയ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്നതായിരുന്നു ആര്യാടന് സാറിന്റെയും പ്രകാശേട്ടന്റെയും അന്തിമാഭിലാഷം. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് നിലമ്പൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വൈകാരികമായ ഒന്നാണ്. മണ്ഡലം തിരിച്ചുപിടിക്കുക എന്നത്, ഈ നേതാക്കളുടെ അന്തിമാഭിലാഷം നിറവേറ്റാനുള്ള പുണ്യ കര്‍മ്മമായിട്ടാണ് യുഡിഎഫ് കാണുന്നതെന്ന് വി എസ് ജോയ് പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഈ മഴക്കാറെല്ലാം പോയി മാനം തെളിയും. അന്തരീക്ഷമെല്ലാം മാറി മറിയും. ഐക്യജനാധിപത്യ മുന്നണിക്ക് മികച്ച വിജയം നേടാനാകും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ എല്ലാ വിവാദങ്ങളും അടഞ്ഞ അധ്യായമായി മാറി. എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ 23 ന് വോട്ടെണ്ണുമ്പോള്‍ ആര്യാടന് ഷൗക്കത്ത് ജനപ്രതിനിധിയായി വിജയിച്ചുവരും. അതിനായി ഒറ്റക്കെട്ടായി, ഒരു കയ്യായി, ഒരു മെയ്യായി പ്രവര്‍ത്തിക്കും. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഒരു പൊട്ടിത്തെറിയോ അപസ്വരമോ ഉണ്ടായില്ലെന്നും വി എസ് ജോയ് പറഞ്ഞു.
അതേസമയം ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാര്‍ത്ഥി പോലുമായിട്ടില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, നാലു തെരഞ്ഞെടുപ്പ് ാെഴിച്ചു നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ല. പിണറായി വിജയന് നിലമ്പൂരില്‍ മതിസരിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ഞങ്ങള്‍ ചോദിക്കുകയാണെന്നും വി എസ് ജോയ് അഭിപ്രായപ്പെട്ടു.
നിലമ്പൂര്‍ തിരിച്ച് പിടിക്കുക എന്നതായിരുന്നു പിതാവ് ആര്യാടന് മുഹമ്മദിന്റെ അഭിലാഷം. പിതാവിന്റെയും വിവി പ്രകാശിന്റേയും ആഗ്രഹം പൂര്‍ത്തികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞാനെന്നല്ല, ജോയിയോ ആരായാലും നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്ന വലിയ ആഗ്രഹം ആര്യാടന് മുഹമ്മദിന് ഉണ്ടായിരുന്നു. അതിന്റെ സഫലീകരണമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കേണ്ടത് എന്ന് ഞങ്ങളെല്ലാം വിചാരിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റക്കെട്ടായി നിന്ന് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടും. ആര്യാടന് ഷൗക്കത്ത് പറഞ്ഞു.