ന്യൂഡൽഹി: പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. പാര്‍ട്ടിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വൃന്ദ പ്രതികരിച്ചു.
പാര്‍ട്ടിക്കെതിരേ തന്റെ പുസ്തകത്തില്‍ ഒരു വരി പോലും പറഞ്ഞിട്ടില്ല. പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ സമൂഹത്തില്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് താന്‍ പരാമര്‍ശിച്ചതെന്നും വൃന്ദ പറഞ്ഞു.പുസ്തത്തിലില് ഇല്ലാത്ത വരിയാണ് പ്രമുഖ മാധ്യമത്തിൽ വാര്‍ത്തയുടെ തലക്കെട്ടായി വന്നത്. സംഭവത്തിൽ ഈ മാധ്യമം മാപ്പ് പറയുമെന്നാണ് കരുതുന്നത്.താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു.
നിരന്തരം സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്നും മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും വൃന്ദ വ്യക്തമാക്കി. ആണവകരാറിനെതിരെ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്നി ഓര് വോ എന്ന് ചില പത്രങ്ങൾ തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. ഒരാഴ്ചയ്ക്കകം പുസ്തകം വിപണിയിലെത്തുമെന്നും വൃന്ദ പ്രതികരിച്ചു.1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച ആൻ എജുക്കേഷൻ ഫോര്‍ റിത എന്ന പുസ്തകത്തേക്കുറിച്ചാണ് വൃന്ദയുടെ പ്രതികരണം.