തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെപ്തംബറിൽ വോട്ടർപട്ടിക പുതുക്കും. കരട് വോട്ടർപട്ടിക സെപ്തംബർ എട്ടിന് പ്രസിദ്ധീകരിക്കും.
അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 23. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് ഒക്ടോബർ 10ന് തീർപ്പാക്കും. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കും.
യോഗ്യതാ തീയതിയായി നിശ്ചയിച്ച 2023 ജനുവരി ഒന്നോ അതിനു മുമ്പോ 18 തികഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് (ഫോറം നാല്), തിരുത്തുന്നതിന് (ഫോറം ആറ്), സ്ഥലം മാറ്റുന്നതിന് (ഫോറം ഏഴ്), sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള ആക്ഷേപങ്ങൾ (ഫോറം അഞ്ച്) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പ്രിന്റൗട്ടിൽ ആക്ഷേപകർ ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇആർഒക്ക് നൽകണം. അപേക്ഷകളിലുള്ള തീരുമാനം ഉടൻതന്നെ രേഖാമൂലം അപേക്ഷകരെ അറിയിക്കണം.