ഭുവനേശ്വര്‍ : മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനുമായ വികെ പാണ്ഡ്യന് ബിജു ജനതാദളില്‍ ചേര്‍ന്നു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന് മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിച്ച പാണ്ഡ്യന് ബിജെഡിയിലെ രണ്ടാമനായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യന്റെ ഭരണപരവും രാഷ്ട്രീയപരവുമായ പരിചയം പാര്‍ട്ടിക്ക് ഏറെ ഗുണകരമാകുമെന്ന് പുരി എംപിയും മുതിര്‍ന്ന ബിജെഡി നേതാവുമായ പിനാകി മിശ്ര പറഞ്ഞു.
പാണ്ഡ്യന്റെ പാര്‍ട്ടിയിലെ റോള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയശേഷമാണ് പാണ്ഡ്യന് ബിജെഡി അംഗത്വമെടുത്തത്.
ഒക്ടോബര്‍ 31 നാണ് പാണ്ഡ്യന് സിവില്‍ സര്‍വീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി നവീന്‍ പട്നായിക് പാണ്ഡ്യനെ ട്രാന്സ്ഫോര്മേഷന് ഇനിഷ്യേറ്റീവ്സ്, നബിന് ഒഡീഷ എന്നീ പദ്ധതികളുടെ ചെയര്‍മാനായി നിയമിച്ചിരുന്നു.
മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാണ്ഡ്യന്, പടിനായികിന്റെ പിന്‍ഗാമിയായി ഒഡീഷ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.