തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. കേന്ദ്ര സർക്കാർ പ്രതിനിധി, അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് (എവിപിപിഎൽ) പ്രതിനിധി, ചീഫ് സെക്രട്ടറി എന്നിവരാണ് ഒപ്പുവയ്ക്കുക. കരാറിൽ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
2016ൽ ആണ് തുറമുഖനിർമാണം ആരംഭിച്ചത്. ഓഖി, പ്രളയം, കോവിഡ് തുടങ്ങിയവ കാരണം മന്ദഗതിയിലായിരുന്നു.നിലവിൽ ഒന്നാംഘട്ട നിർമാണം 90 ശതമാനം പൂർത്തിയായി. പുലിമുട്ട് 150 മീറ്ററും രണ്ടാം ബർത്തിന്റെ ബാക്കി ഭാഗവുമാണ് പൂർത്തിയാകാനുള്ളത്. ചൈനയിൽനിന്ന് കൊണ്ടുവരാനുള്ള 17 ക്രെയിൻ മാർച്ച് 30നും ഏപ്രിൽ 15നും ഇടയിൽ തീരത്ത് എത്തും. മേയിൽ ട്രയൽ റൺ ആരംഭിക്കും. ഇതിനിടയിൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കും. ഡിസംബറിനുമുമ്പ് തുറമുഖം ഔദ്യോഗികമായി കമീഷൻ ചെയ്യും.