തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലൈയിൽ നടത്തും. അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം.കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ഇതിനായുള്ള സാങ്കേതികപ്രവർത്തികൾ പുരോഗമിക്കുകയാണ്.
ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കുമെന്ന് അധികൃതർ പറ ഞ്ഞു.നേരത്തെ തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ചിരുന്നു. കപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ട്രയൽ റണ്ണിന്റെ തീയതി നിശ്ചയിക്കുക. ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി ഉടൻ ലഭിച്ചേക്കും.