തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒടുവില്‍ സ്വപ്നതീരത്ത്. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങ് നടന്നത്.
മന്ത്രി വി.എന്‍ വാസവന് അധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷത്തുനിന്ന് സ്ഥലം എം.എല്‍.എ എം. വിന്‍സെന്റ് മാത്രമാണു പങ്കെടുത്തത്. അതിനിടെ, പദ്ധതിയുടെ വിജയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് യു.ഡി.എഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുന്നുണ്ട്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
കേരളത്തിന്റെ വികസനാധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞം തുറമുഖമെന്ന് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനു തന്നെ അഭിമാനകരമായ മുഹൂർത്തമാണിത്. ഇത്തരം തുറമുഖങ്ങൾ ലോകത്ത് കൈവിരലിൽ എണ്ണാവുന്നവയേ ഉള്ളൂ. വിഴിഞ്ഞം ലോകഭൂപടത്തിൽ ഇടംപിടിച്ചു. 2028ൽ സമ്പൂർണ തുറമുഖമായി മാറും. 10,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.