തിരുവനന്തപുരം: മലയാളികൾക്ക് സമ്മാനമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ തുടങ്ങും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഡിസംബറിൽ കമ്മീഷൻ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പുലിമുട്ട് നിർമാണം അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞത്തുനിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുന്നു. നിർമാണം വേഗത്തിൽ നടക്കുന്നതിനാൽ സെപ്റ്റംബറോടെ വാണിജ്യ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് വിഴിഞ്ഞം പോർട്ടിൻ്റെ സി ഇ ഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു. ടിപ്പറിൽ നിന്ന് കല്ലു വീണ് മരിച്ച അനന്തുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028ൽ പൂർത്തിയാക്കും. പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്.